ഫിറോസ്പുര്‍: പ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും അവസാന നിമിഷമാണ് മോദി ഹെലികോപ്റ്റര്‍ യാത്ര മാറ്റി റോഡ് മാര്‍ഗം പോയതെന്നും ചന്നി പറഞ്ഞു.
'ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര അവസാന നിമിഷമെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോദി പങ്കെടുക്കുന്ന റാലിക്കായുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ അര്‍ധരാത്രി മുഴുവന്‍ ഞാന്‍. 70,000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതുകൊണ്ട് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കി. എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയത്' -ചന്നി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ പഞ്ചാബിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം മൂലം 20 മിനിറ്റ് ഫ്ലൈഓവറിൽ പ്രധാനമന്ത്രി കാത്തുകിടക്കേണ്ടി വന്ന സാഹചര്യം ഗുരുതരമാണ്. വലിയ സുരക്ഷവീഴ്ചയാണ് പഞ്ചാബിലുണ്ടായത്. ഇതിന് പിന്നാലെ പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
പഞ്ചാബിലെ സുരക്ഷാവീഴചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. പഞ്ചാബിലെ മോദിയുടെ പരിപാടിയെ കുറിച്ച് നേരത്തെ തന്നെ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു. അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചാബ് ബാധ്യസ്ഥരാണ്. എന്നാൽ, ഇത് ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.
കാലാവസ്ഥ മോശമായതിനാലാണ് ദേശീയ രക്തസാക്ഷി മെമ്മോറിയലിലേക്ക് പ്രധാനമന്ത്രി റോഡിലൂടെ പോകാൻ തീരുമാനിച്ചത്. മുൻകൂട്ടി ഇക്കാര്യം പഞ്ചാബ് ഡി.ജി.പിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മെമ്മോറിയൽ എത്തുന്നതിന് 30 കിലോമീറ്റർ മുമ്പ് ഫ്ലൈഓവറിൽ പ്രധാനമന്ത്രി കുടുങ്ങുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഭാത്തിൻഡ വിമാനത്താവളത്തിൽ തിരിച്ചെത്തിയതിന് ശേഷം ഉദ്യോഗസ്ഥരോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാത്തിൻഡ വിമാനത്താവളത്തിൽ ജീവനോടെ തിരിച്ചെത്തിയതിൽ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറയണമെന്ന് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.