പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കർഷക രോഷം അടങ്ങുന്നില്ല. ഇതാണ് ബുധനാഴ്ച പ്രധാനമന്ത്രി ഫ്ലൈഓവറിൽ കുടുങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. മോദിയെ വഴിയിൽ തടയുമെന്ന് പ്രഖ്യാപിച്ച് കർഷകർ ചൊവ്വാഴ്ച്ചതന്നെ പ്രക്ഷോഭം ആരംഭിച്ചിരുന്നു. പ്രക്ഷോഭകരിൽ നിന്ന് രക്ഷപ്പെടാൻ ഹെലികോപ്ടർ യാത്രയാണ് സുരക്ഷാസംഘം നിർദേശിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥ കാരണം അത് മുടങ്ങുകയായിരുന്നു. ഇതോടെ ഫിറോസ്പുരിലേക്ക് കാറിൽ പുറപ്പെട്ട പ്രധാനമന്ത്രി അരമണിക്കൂറോളം ഫ്ലൈഓവറിൽ കുടുങ്ങുകയായിരുന്നു.
കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് ശേഷം പഞ്ചാബിൽ മോദി നടത്തുന്ന ആദ്യ റാലിയായിരുന്നു ഫിറോസ്പുരിലേത്. റാലിക്ക് മണിക്കൂറുകൾക്ക് മുമ്പുതന്നെ ഫിറോസ്പൂരിലെ വേദിയിലേക്ക് നയിക്കുന്ന മൂന്ന് അപ്രോച്ച് റോഡുകൾ കിസാൻ മസ്ദൂർ സംഗ്രാഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗങ്ങൾ ഉപരോധിക്കാൻ തുടങ്ങിയിരുന്നു. മിനിമം താങ്ങുവില (എംഎസ്പി) വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുന്നതാണ് കർഷക പ്രതിഷേധത്തിനുകാരണം. പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്താൻ കെ.എം.എസ്.സി കമ്മിറ്റി അംഗങ്ങൾ ആഹ്വാനം ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം റാലി സ്ഥലത്തേക്ക് പോകുന്നതിൽ നിന്ന് കർഷകരെ പോലീസ് തടഞ്ഞു. ഇത് ഫാസിൽക-ഫിറോസ്പൂർ റോഡ്, തരന്തരൻ-ഫിറോസ്പൂർ റോഡ്, സിറ-ഫിറോസ്പൂർ റോഡ് എന്നിവിടങ്ങളിൽ കുത്തിയിരിപ്പ് പ്രതിഷേധത്തിന് കാരണമായി. ഇതോടെ പ്രദേശത്താകെ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടു.
തുടർന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് കെഎംഎസ്‌സി പ്രസിഡന്റ് സത്‌നം സിങ് പന്നുവുമായി രണ്ട് റൗണ്ട് ചർച്ചകൾ നടത്തി. റാലിക്കായി ഫാസിൽക്ക, തരന്തരൺ, അമൃത്‌സർ, ഗുരുദാസ്പൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ബിജെപി അനുഭാവികൾ വരുന്നതിനാൽ കുത്തിയിരിപ്പ് സമരം പിൻവലിക്കാൻ കർഷകരോട് മന്ത്രി അഭ്യർഥിച്ചു. അതിർത്തിയായ ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ബി.ജെ.പിക്കാരും ഫാസിൽക റോഡ് വഴി വരുന്നുണ്ടായിരുന്നു.
ജനുവരി 15നകം എംഎസ്പി കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പ്രക്ഷോഭകരോട് പറഞ്ഞതായി കെ.എം.എസ്.സി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദർ പറഞ്ഞു. പ്രക്ഷോഭകർക്കെതിരായ പോലീസ് കേസുകൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പിൻവലിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ലഖിംപൂർ ഖേരി കേസിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തതും നൽകിയ വിവിധ ഉറപ്പുകൾ ഇനിയും നടപ്പാകാത്തതും കർഷകർ ഉന്നയിക്കുകയും പ്രക്ഷോഭം തുടരുകയുമായിരുന്നു. പറഞ്ഞ കാര്യങ്ങൾ രേഖാമൂലം നൽകിയാൽ, റോഡ് ഉപരോധം പിൻവലിക്കുകയും ഫിറോസ്പൂരിലെ ഷേർഷാവാലി ഏരിയയ്ക്ക് സമീപം റാലി നടത്തുകയും ചെയ്യുമെന്നായിരുന്നു കർഷകർ പറഞ്ഞത്. എന്നാൽ ഇതിനിടയിലേക്കാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയതും പെരുവഴിയിൽ കുടുങ്ങിയതും.
സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും അവസാന നിമിഷമാണ് മോദി ഹെലികോപ്റ്റര്‍ യാത്ര മാറ്റി റോഡ് മാര്‍ഗം പോയതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു.
'ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര അവസാന നിമിഷമെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോദി പങ്കെടുക്കുന്ന റാലിക്കായുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ അര്‍ധരാത്രി മുഴുവന്‍ ഞാന്‍. 70,000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതുകൊണ്ട് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കി. എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയത്' -ചന്നി പറഞ്ഞു. പ്രധാനമന്ത്രിക്ക് റാലിയിൽ പങ്കെടുക്കാനാകാത്തതിൽ വിഷമമുണ്ടെന്നും ചന്നി കൂട്ടിച്ചേർത്തു.
എന്നാൽ സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്നാണ് കേന്ദ്രസർക്കാർ ആരോപിക്കുന്നത്. പ്രതിഷേധം മൂലം 20 മിനിറ്റ് ഫ്ലൈഓവറിൽ പ്രധാനമന്ത്രി കാത്തുകിടക്കേണ്ടി വന്ന സാഹചര്യം ഗുരുതരമാണ്. വലിയ സുരക്ഷവീഴ്ചയാണ് പഞ്ചാബിലുണ്ടായത്. ഇതിന് പിന്നാലെ പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
പഞ്ചാബിലെ സുരക്ഷാവീഴചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. പഞ്ചാബിലെ മോദിയുടെ പരിപാടിയെ കുറിച്ച് നേരത്തെ തന്നെ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു. അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചാബ് ബാധ്യസ്ഥരാണ്. എന്നാൽ, ഇത് ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.
കാലാവസ്ഥ മോശമായതിനാലാണ് ദേശീയ രക്തസാക്ഷി മെമ്മോറിയലിലേക്ക് പ്രധാനമന്ത്രി റോഡിലൂടെ പോകാൻ തീരുമാനിച്ചത്. മുൻകൂട്ടി ഇക്കാര്യം പഞ്ചാബ് ഡി.ജി.പിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മെമ്മോറിയൽ എത്തുന്നതിന് 30 കിലോമീറ്റർ മുമ്പ് ഫ്ലൈഓവറിൽ പ്രധാനമന്ത്രി കുടുങ്ങുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഭാത്തിൻഡ വിമാനത്താവളത്തിൽ തിരിച്ചെത്തിയതിന് ശേഷം ഉദ്യോഗസ്ഥരോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാത്തിൻഡ വിമാനത്താവളത്തിൽ ജീവനോടെ തിരിച്ചെത്തിയതിൽ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറയണമെന്ന് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.