ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസ് എം.പി ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വികാരഭരിത നിമിഷങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ വികാരാധീനനായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായുള്ള അടുപ്പവും അദ്ദേഹം നൽകിയ സേവനങ്ങളും വിവരിക്കവേ മോദി കരഞ്ഞു. പലപ്പോഴും വാക്കുകൾ മുറിഞ്ഞു. നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്.
ഗുലാം നബിയെ യഥാർഥ സുഹൃത്ത് എന്നാണ് മോദി വിശേഷിപ്പിച്ചത്. 'സ്ഥാനമാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും. ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടുപഠിക്കണം. ഒരു യാഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ല. അദ്ദേഹത്തിൽ നിന്ന് ഉപദേശം തേടുന്നത് തുടരും. എന്‍റെ വാതിലുകൾ എന്നും താങ്കൾക്കായി തുറന്നുകിടക്കും' – പ്രധാനമന്ത്രി പറഞ്ഞു.
#WATCH: PM Modi gets emotional while reminiscing an incident involving Congress leader Ghulam Nabi Azad, during farewell to retiring members in Rajya Sabha. pic.twitter.com/vXqzqAVXFT
— ANI (@ANI) February 9, 2021
ഗുലാം നബി അടക്കം ഈ മാസം വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇനി രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി വരുന്ന ആൾക്ക് ഗുലാം നബി ആസാദ് നടത്തിയ പ്രവർത്തനങ്ങൾക്ക് തുല്യമായത് ചെയ്യാൻ ഏറെ ബുദ്ധിമുേട്ടണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'കാരണം ഗുലാം നബി ആസാദ് സ്വന്തം പാർട്ടിക്കുവേണ്ടി മാത്രമായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. അദ്ദേഹം ഈ നാടിനുവേണ്ടിയും സഭക്കുവേണ്ടിയുമാണ് എന്നും നിലകൊണ്ടത്' -മോദി പറഞ്ഞു.
കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാം നബി നടത്തിയ ഇടപെടലുകൾ വിവരിക്കവേയാണ് മോദി കരഞ്ഞത്. 'കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ അവരെ നാട്ടിലെത്തിക്കാൻ ഗുലാം നബി ആസാദും പ്രണബ് മുഖർജിയും നടത്തിയ പരിശ്രമങ്ങൾ മറക്കില്ല. ഗുലാം നബി നിരന്തരം അവർക്കായി ഇടപെട്ടു. സ്വന്തം കുടുംബാംഗങ്ങൾ എന്ന പോലെയാണ് ഗുലാം നബി അവരെ കണ്ടത്'- പ്രധാനമന്ത്രി പറഞ്ഞു. പലപ്പോഴും വാക്കുകൾ കിട്ടാതെ വിഷമിച്ച മോദി ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.