ഹൈദരാബാദ്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെലങ്കാനയിലെത്തും. അതേസമയം, വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (കെ.സി.ആർ) ഉണ്ടാകില്ല. പകരം മന്ത്രി തലസനി ശ്രീനിവാസ് യാദവ് മോദിയെ സ്വീകരിക്കാനെത്തും.
ഓരോ തവണയും മോദി തെലങ്കാനയിൽ വരുമ്പോൾ സ്വീകരിക്കാൻ നിൽക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് പതിവ്. കെ.സി.ആർ ചട്ടലംഘനമാണ് നടത്തുന്നതെന്നും അസൂയയാണ് ഇതിന് കാരണമെന്നുമാണ് ബി.ജെ.പി പറയുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ലഭിക്കുന്ന ജനപ്രീതി കെ.സി.ആറിനെ അസ്വസ്ഥനാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദിണ്ഡിഗലിൽ മോദിയെ സ്വീകരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗവർണർ ആർ.എൻ. രവിക്കൊപ്പം എത്തിയിരുന്നു. ആന്ധ്രപ്രദേശിൽ മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും മുന്നിലുണ്ടായിരുന്നു. അപ്പോൾ കെ.സി.ആറിനു മാത്രം എന്താണ് പ്രശ്നമെന്ന് ബി.ജെ.പി നേതാക്കൾ ചോദിച്ചു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലേ? അല്ലെങ്കിൽ തെലങ്കാന ഇന്ത്യയുടെ ഭാഗമല്ലേ? -ബി.ജെ.പി വിമർശനമുയർത്തി. സന്ദർശനത്തിനു മുന്നോടിയായി ഹൈദരാബാദിലെ ജൂബിലി ഹിൽസ് മേഖലയിൽ മോദി നോ എൻട്രി എന്ന ഫ്ലക്സും ഉയർന്നിരുന്നു. കൈത്തറി ഉൽപ്പന്നങ്ങൾക്കുള്ള അഞ്ച് ശതമാനം ജി.എസ്.ടി കുറക്കണം എന്നും ബോർഡിൽ എഴുതിയിട്ടുണ്.
ഭരണകക്ഷിയായ ടി.ആർ.എസും ബി.ജെ.പിയും തമ്മിൽ നിരവധി വിഷയങ്ങളിൽ ഭിന്നത മൂർഛിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ തെലങ്കാന സന്ദർശനം. എം.എൽ.എമാരെ ഭീഷണിപ്പെടുത്തി ചാക്കിലാക്കി ബി.ജെ.പി സർക്കാർ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് അടുത്തിടെ കെ.സി.ആർ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ബി.ജെ.പി തള്ളുകയായിരുന്നു. തെലങ്കാന രാമഗുണ്ടത്തിലെ ആർ.എസ്.സി.എൽ പ്ലാന്റ് സന്ദർശിക്കാനാണ് മോദി എത്തുന്നത്. ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.