ന്യൂഡൽഹി: റെസിലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രായപൂർത്തിയാകാത്ത ഗുസ്തിതാരം നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഡൽഹി പൊലീസിന്റെ ക്ലോഷർ റിപ്പോർട്ട് സ്വീകരിക്കണമോയെന്ന കാര്യത്തിൽ ഡൽഹി കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ജനുവരി 11ലേക്ക് മാറ്റി. വെള്ളിയാഴ്ച കേസ് പരിഗണിച്ച അഡീഷനൽ സെഷൻസ് ജഡ്ജി ഛവി കപൂർ ഉത്തരവ് തയാറായിട്ടില്ലെന്ന് പറഞ്ഞാണ് കേസ് മാറ്റിവെച്ചത്.
ആഗസ്റ്റ് ഒന്നിന് നടന്ന ഇൻ-ചേംബർ നടപടിക്രമങ്ങളിൽ ഗുസ്തിതാരം ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തയാണെന്നും കേസ് അവസാനിപ്പിക്കണമെന്ന പൊലീസ് റിപ്പോർട്ടിനെ എതിർക്കുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയെ അറിയിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ജൂൺ 15 നാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിനിടയിൽ പെൺകുട്ടിയുടെ പിതാവിനെ ചോദ്യംചെയ്തതിൽനിന്നാണ് പരാതി തെറ്റായിരുന്നെന്ന് വ്യക്തമായതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, ആറ് വനിതാ ഗുസ്തിക്കാർ നൽകിയ ലൈംഗികാതിക്രമ ആരോപണ കേസിൽ ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.