ചെന്നൈ: 600 കോടി രൂപയുടെ തട്ടിപ്പ് കേസിൽ 'ഹെലികോപ്റ്റർ സഹോദരൻമാർ' എന്നറിയപ്പെടുന്ന ബി.ജെ.പി വ്യാപാര പ്രമുഖർ അറസ്റ്റിൽ. തഞ്ചാവൂർ കുംഭകോണം ശ്രീനഗർ കോളനിയിൽ താമസിച്ചിരുന്ന എം. ആർ ഗണേഷ്, എം. ആർ സ്വാമിനാഥൻ എന്നിവരാണ് പിടിയിലായത്. പണമിരട്ടിപ്പ് വാഗ്ദാനത്തിലൂടെയാണ് ജനങ്ങളെ കബളിപ്പിച്ചത്. ഒളിവിലായിരുന്ന ഇവരെ വ്യാഴാഴ്ച പുതുക്കോട്ടയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ബി.ജെ.പി വ്യാപാരി സംഘടന വിഭാഗം ഭാരവാഹികളാണിവർ. 15 കോടി രൂപയുടെ നിക്ഷേപം നടത്തി വഞ്ചിതരായ ദുബൈയിലെ വ്യാപാരികളായ ജാഫറുല്ല- ഫൈറോസ്ബാനു ദമ്പതികൾ നൽകിയ പരാതിയിൽ തഞ്ചാവൂർ ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തതോടെയാണ് ഇവർ മുങ്ങിയത്. പിന്നീട് നിരവധി നിക്ഷേപകരും പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രതികളുടെ വസതികളിലും ധനകാര്യ സ്ഥാപനത്തിലും റെയ്ഡ് നടന്നു. 12 ആഡംബര കാറുകളും പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഫിനാൻസ് കമ്പനി മാനേജരായ ശ്രീകാന്തും ഗണേഷിന്‍റെ ഭാര്യയും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തിരുവാരൂർ സ്വദേശികളായ ഗണേഷും സ്വാമിനാഥനും ആറുവർഷം മുൻപാണ് കുംഭകോണത്ത് സ്ഥിരതാമസമാക്കിയത്. ഡയറി ഫാം സ്ഥാപിച്ച് പാൽ വ്യാപാരമാരംഭിച്ചു. പിന്നീട് 'വിക്ടറി ഫിനാൻസ്' എന്ന പേരിൽ ധനകാര്യ സ്ഥാപനവും തുടങ്ങി. 2019 ൽ 'അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ വ്യോമയാന കമ്പനി രജിസ്റ്റർ ചെയ്തു. 2019ൽ ഗണേഷ് തെൻറ മകെൻറ ആദ്യ ജന്മദിനത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് 'ഹെലേികോപ്റ്റർ ബ്രദേഴ്സ്' എന്നറിയപ്പെടാൻ തുടങ്ങിയത്. തഞ്ചാവൂർ നോർത്ത് ജില്ലാ ബിജെപി വ്യാപാരി വിഭാഗം പ്രസിഡൻറായിരുന്നു എം ആർ ഗണേഷ്.
ഇരുവർക്കുമെതിരെ കുംഭകോണത്ത് നിരവധി നിക്ഷേപകർ കഴിഞ്ഞദിവസവും പരാതിയുമായെത്തിയിരുന്നു. എൻ. പാർവതി, സുബ്രഹ്മണ്യൻ, ഭരണിധരൻ, ശിവകുമാർ, പ്രഭു, വെങ്കിട്ടരാമൻ, ലക്ഷ്മി, സ്വാമിനാഥൻ, രാമകൃഷ്ണൻ തുടങ്ങി പത്ത് പേരാണ് പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. ഹെലികോപ്റ്റർ ബ്രദേഴ്സ്് നടത്തുന്ന വിക്ടറി ഫിനാൻസിൽ 2020 ജനുവരി 27 ന് 2.25 ലക്ഷം രൂപയാണ് പാർവതി നിക്ഷേപിച്ചത്. എന്നാൽ, മുടക്കുമുതലോ ലാഭമോ തിരികെ നൽകിയില്ലെന്ന് പാർവതി പരാതിയിൽ പറയുന്നു.
രാജകീയ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ബി.ജെ.പിയുടെ പ്രധാന നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. ഒരു വർഷം കൊണ്ട് ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞാണ് നാട്ടുകാരൽനിന്ന് പണം കൈപ്പറ്റിയിരുന്നത്. ആദ്യഘട്ടത്തിലൊക്കെ ഇത് കൃത്യമായി പാലിച്ചത് ഇടപാടുകാരിൽ വിശ്വാസ്യത ജനിപ്പിച്ചു. ഇതോടെ ആളുകൾ കൂടുതൽ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. പിന്നീട് പണം തിരികെ നൽകുന്നതിൽ വീഴ്ചവന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചുവെന്നും ഉടൻ ശരിയാകുമെന്നുമായിരുന്നു മറുപടി. കേസും വിവാദവുമായതോടെ ഗണേഷും സ്വാമിനാഥനും കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.