ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ നിഷ്ക്രിയത്വം കൊണ്ട് സംഭവിച്ചതാണ് ജഹാംഗീർപുരി വർഗീയ സംഘർഷമെന്ന് പ്രദേശം സന്ദർശിച്ച ജമാഅത്തെ ഇസ്ലാമി പ്രതിനിധി സംഘം കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം എഞ്ചിനീയറുടെ നേതൃത്വത്തിൽ കലാപബാധിരെ സന്ദർശിച്ച സംഘം ഇത് പൊടുന്നനെയുണ്ടായ കലാപമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും വ്യക്തമാക്കി.
അന്തരീക്ഷം മോശമാക്കാനാണ് പകൽ രണ്ടു തവണ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയത്. മൂന്നാമത്തെ ഘോഷയാത്ര ആയുധങ്ങളും പ്രകോപനമുദ്രാവക്യങ്ങളുമായി ഇഫ്താറിന്‍റെ നേരത്ത് തന്നെയാണ് നടത്തിയത്. പൊലീസ് തങ്ങളുടെ ജോലി എടുത്തിരുന്നുവെങ്കിൽ തടയാമായിരുന്ന സംഘർഷമാണിത്. സംഘർഷത്തിലെ ഇരകൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കും നിയമസഹായത്തിനും വേണ്ടത് ചെയ്യുമെന്ന് ജമാഅത്ത് സംഘം വാർത്താകുറിപ്പിൽ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് അഹ്മദ്, ഡൽഹി സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ വാഹിദ് അടക്കമുള്ളവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.