ഭോപ്പാൽ: കുപ്രസിദ്ധ കള്ളനെ പിടികൂടാൻ മധ്യപ്രദേശിലെത്തി തെരുവുകച്ചവടക്കാരുടെ വേഷമണിഞ്ഞ് ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ ഗ്വാളിയോർ സ്വദേശിയായ അശോക് ശർമയെ പിടികൂടാനാണ് പൊലീസ് വേഷംമാറിയെത്തിയത്. കുറ്റകൃത്യം നടത്തിയതിനു ശേഷം പ്രതി മധ്യപ്രദേശിലെ തന്റെ ഗ്രാമത്തിലേക്ക് രക്ഷപെടുകയായിരുന്നു. ഗുജറാത്തിലെ ഒരു വീട്ടിൽ നിന്നും സ്വർണവും ഒന്നരലക്ഷം രൂപയും മോഷ്ടിച്ച കള്ളനെ 48 മണിക്കൂറിനുള്ളിലാണ് പൊലീസ് സാഹസികമായി കണ്ടെത്തിയത്.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ആക്ടിവ സ്കൂട്ടറിൽ നിരവധി ചായക്കടകളിൽ കയറിയിറങ്ങുന്നത് ശ്രദ്ധയിൽപെട്ടു. ഇതിൽ സംശയം തോന്നിയ പൊലീസ് സ്കൂട്ടറിന്‍റെ ഉടമസ്ഥനെ കണ്ടെത്തുകയും ചോദ്യചെയ്യുകയും ചെയ്തു. പ്രതി താൻ അല്ലെന്നും തന്‍റെ സൃഹുത്ത് അടുത്ത ദിവസങ്ങളിൽ സ്കൂട്ടർ വാങ്ങിക്കൊണ്ട് പോയെന്നും കഴിഞ്ഞ ദിവസം വാഹനം തിരിച്ചേൽപ്പിച്ചുവെന്നും ഇയാൾ വ്യക്തമാക്കി. ഉടൻ തന്നെ പ്രതിയെ പിടികൂടാനായി പൊലീസ് മധ്യപ്രാദേശിലേക്ക് തിരിച്ചു.
തെരുവ് കച്ചവടക്കാരുടെ വേഷമണിഞ്ഞാണ് പൊലീസ് ഗ്രാമത്തിലെത്തിയത്. ഇത് പ്രതിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കാനായിരുന്നു. എന്നാൽ പൊലീസ് തന്നെ തെരഞ്ഞെത്തിയെന്ന് മനസിലാക്കിയ അശോക് ശർമ്മ തന്റെ സുഹൃത്തിനെ വിളിച്ചറിയിച്ചു. ഇതറിഞ്ഞ സുഹൃത്ത് പൊലീസിന് വിവരങ്ങൾ കൈമാറുകയായിരുന്നു. പൊലീസ് നൽകിയ നിർദ്ദേശ പ്രകാരം ഇയാൾ ശർമയെ വിഡിയോ കാളിൽ വിളിക്കുകയും പ്രതി നിൽക്കുന്ന സ്ഥലം എവിടെയാണെന്ന് അതിലൂടെ മനസിലാക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് മോഷണ വസ്തുക്കളുമായി പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു.
പ്രതി താമസിക്കുന്നത് ജനവാസം ഏറെയുള്ള പ്രദേശത്തായിരുന്നു. നേരിട്ട് അയാളെ പിടികൂടുന്നത് സാധ്യമല്ലാത്തതിനാലാണ് വേഷംമാറി സാഹസികമായി പിടികൂടാൻ തീരുമാനിച്ചതെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.