ന്യൂസ് ക്ലിക് കേസിൽ പലവിധ വാദങ്ങളുമായി പൊലീസ്

ന്യൂഡൽഹി: ന്യൂസ് ക്ലിക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ത, സഹപ്രവർത്തകരായ ജോസഫ് ചക്രവർത്തി, അമിത് ചക്രവർത്തിയുടെ സഹോദരൻ അനൂപ് ചക്രവർത്തി, വിർച്യൂനെറ്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് പ്രമോട്ടർ ബപാദിത്യ സിൻഹ എന്നിവർക്ക് വിദേശ ഫണ്ട് നിയമവിരുദ്ധമായ രീതിയിൽ എത്തുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് ബുധനാഴ്ച കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. 115 കോടി രൂപ കുറ്റാരോപിതർക്ക് ഫണ്ടായി ലഭിച്ചിട്ടുണ്ട്.

ന്യൂസ് ക്ലിക് ഓഹരിയുടമ ഗൗതം നവ്ലാഖ, സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ സഹപ്രവർത്തകരായ ജാവേദ് ആനന്ദ്, താമര, ജിബ്രാൻ, ഊർമിളേഷ്, ആരാത്രിക ഹാൽദർ, പരഞ്ജയ് ഗുഹ തകുർത്ത, ട്രിന ശങ്കർ, അഭിസർ ശർമ എന്നിവർക്ക് ഈ പണം നൽകിയിട്ടുമുണ്ട്. ഇവർ പൊലീസ് നിരീക്ഷണത്തിലാണെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് കേന്ദ്രങ്ങൾ വിശദീകരിച്ചു.

നിരോധിത നക്സൽ സംഘടനകളെ പിന്തുണക്കുന്നതടക്കം നിയമവിരുദ്ധ, ദേശവിരുദ്ധ പ്രവർത്തനത്തിൽ ഗൗതം നവ്ലാഖ ഉൾപ്പെട്ടിട്ടുണ്ട്. പാകിസ്താൻ ചാരസംഘടന ഐ.എസ്.ഐയുടെ ഏജന്‍റായ ഗുലാംനബി ഫായിയുമായി ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്നും റിമാൻഡ് കോപ്പിയിൽ വിശദീകരണമുണ്ട്.

കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടേതല്ല, തർക്ക പ്രദേശങ്ങളാണെന്ന വ്യാഖ്യാനം നടത്തി. പുരകായസ്ത, അമേരിക്കൻ കോടീശ്വരൻ നെവില്ലെ റോയ് സിംഘം, അയാളുടെ ഷാങ്ഹായ് കമ്പനിയിലെ ചില ചൈനീസ് ജീവനക്കാർ എന്നിവർക്കിടയിലെ ഇ-മെയിൽ സന്ദേശങ്ങളിൽ ഈ സൂചനയുള്ളതായി രഹസ്യവിവരമുണ്ട്. കർഷക സമരത്തിനിടയിൽ അവശ്യ സാധന-സേവന ലഭ്യത തടസ്സപ്പെടുത്താൻ ശ്രമിച്ചു. കോവിഡ് വ്യാപനം തടയാനുള്ള സർക്കാർ ശ്രമങ്ങളെ മോശമാക്കി പ്രചരിപ്പിച്ചു.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് പീപ്ൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന സംഘവുമായി ചേർന്ന് തെരഞ്ഞെടുപ്പ് പ്രക്രിയതന്നെ അട്ടിമറിക്കാൻ ശ്രമിച്ചു. ന്യൂസ് ക്ലിക് നടത്തുന്ന പീപ്ൾസ് ഡിസ്പാച്ച് പോർട്ടൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു. കോടിക്കണക്കിനു രൂപയുടെ വിദേശ ഫണ്ടിന് പകരമായിട്ടാണിത്.

സിംഘം, പുരകായസ്ത, ചക്രവർത്തി എന്നിവർ നേരിട്ടുള്ള ബന്ധത്തിലായിരുന്നുവെന്നാണ് ഇ-മെയിൽ സന്ദേശങ്ങൾ കാണിക്കുന്നത്. കശ്മീർ ഇല്ലാത്തതും അരുണാചൽ പ്രദേശ് തർക്ക മേഖലയെന്ന് കാണിക്കുന്നതുമായ ഇന്ത്യൻ ഭൂപടമുണ്ടാക്കുന്നതിനെക്കുറിച്ച് ഇവർ ചർച്ച നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വീണ്ടും ചോദ്യം ചെയ്യൽ

ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ ന്യൂസ് ക്ലിക് വെബ്സൈറ്റ് ചൈനാനുകൂല ദുർവ്യാഖ്യാനങ്ങൾ നടത്തുകയും അതിന് ഫണ്ട് സ്വീകരിക്കുകയും ചെയ്തെന്ന കേസിൽ മാധ്യമപ്രവർത്തകരായ ഊർമിളേഷ്, അഭിസർ ശർമ എന്നിവരെ ഡൽഹി പൊലീസ് സ്പെഷൽ സെൽ രണ്ടാമതും ചോദ്യം ചെയ്തു.

പൊലീസ് നിർദേശപ്രകാരം ലോധി കോളനിയിലെ സ്പെഷൽ സെൽ ഓഫിസിൽ ഇരുവരും എത്തുകയായിരുന്നു. ന്യൂസ് ക്ലിസ് എഡിറ്റർ ഇൻ-ചീഫ് പ്രബീർ പുരകായസ്ത, എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടതിന്‍റെ തൊട്ടടുത്ത ദിവസമാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനെ ഭയക്കുന്നില്ലെന്നും സർക്കാറിന് അസുഖകരമാകാമെങ്കിലും ഇനിയും ചോദ്യങ്ങൾ ചോദിക്കുകതന്നെ ചെയ്യുമെന്നും ചോദ്യം ചെയ്യലിന് ശേഷം അഭിസർ ശർമ പറഞ്ഞു.

എഫ്.ഐ.ആർ പകർപ്പ് കിട്ടണമെന്ന പ്രബീർ പുരകായസ്ത, അമിത് ചക്രവർത്തി എന്നിവരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇരുവർക്കും എഫ്.ഐ.ആർ പകർപ്പ് നൽകാൻ അഡീഷനൽ സെഷൻസ് ജഡ്ജി ഹർദീപ് കൗർ പൊലീസിനോട് നിർദേശിച്ചു. ആദ്യം പൊലീസ് കമീഷണറെയാണ് സമീപിക്കേണ്ടതെന്നും, അപേക്ഷ പരിശോധിക്കുന്നതിന് കമീഷണർ കമ്മിറ്റി രൂപവത്കരിക്കുമെന്നുമുള്ള വാദമുയർത്തി എഫ്.ഐ.ആർ നൽകുന്നതിനെ പൊലീസ് കോടതിയിൽ എതിർത്തിരുന്നു.

Tags:    
News Summary - Police with various arguments in News Click case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.