ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജി നിയമനങ്ങൾ ശിപാർശ ചെയ്യുന്ന കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന നിർദേശത്തിലൂടെ ഉന്നത നീതിപീഠത്തിന്റെ പ്രവർത്തനങ്ങളിൽ കൈകടത്താനുള്ള സർക്കാർ വ്യഗ്രത കൂടുതൽ പച്ചയായി പുറത്ത്. ഇതാകട്ടെ, മോദി സർക്കാറിന്റെ തന്നെ മുൻനിലപാടിന് വിരുദ്ധം.
സുതാര്യത നൽകുന്ന വിധം കൊളീജിയം സംവിധാനത്തിൽ പരിഷ്കരണം കൊണ്ടുവരണമെന്ന കാര്യത്തിൽ നീതിപീഠത്തിനകത്തും പുറത്തും പൊതുവേ സ്വീകാര്യതയുണ്ട്. എന്നാൽ, അതിന്റെ മറവിൽ സർക്കാറിന്റെ ഇംഗിതം നടപ്പാക്കിയെടുക്കാനുള്ള വേദിയായി കൊളീജിയത്തെ മാറ്റിയെടുക്കാനുള്ള നിർദേശമാണ് നിയമമന്ത്രി മുന്നോട്ടുവെച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഏറ്റവും മുതിർന്ന മറ്റു നാലു സുപ്രീംകോടതി ജഡ്ജിമാരും ഉൾപ്പെട്ട സമിതിയാണ് കൊളീജിയം. ഈ സമിതി മുന്നോട്ടുവെക്കുന്ന പേ
രുകൾ സർക്കാർ അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ ജഡ്ജി നിയമന രീതി. ശിപാർശ ചെയ്ത പേരുകളിൽ സർക്കാറിനുള്ള വിയോജിപ്പും വ്യത്യസ്തമായ അഭിപ്രായവും കൊളീജിയത്തെ അറിയിക്കാം. എന്നാൽ, അതു തള്ളി പഴയപടി കൊളീജിയം ശിപാർശ ആവർത്തിച്ചാൽ അംഗീകരിക്കുകയല്ലാതെ സർക്കാറിന് നിവൃത്തിയില്ല. ഈ സ്ഥിതി മാറ്റിയെടുക്കാൻ 2014ൽ തന്നെ സർക്കാർ ബദൽ മാർഗം ആവിഷ്കരിച്ചിരുന്നു. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ (എൻ.ജെ.എ.സി) പാർലമെന്റ് പാസാക്കി. എന്നാൽ, ഈ നിയമനിർമാണം സുപ്രീംകോടതി തള്ളിയതിനാൽ സർക്കാറിന്റെ നീക്കം ലക്ഷ്യം കണ്ടില്ല. ഇപ്പോൾ നിയമമന്ത്രി മുന്നോട്ടു വെച്ചിരിക്കുന്ന നിർദേശം ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.
ചീഫ് ജസ്റ്റിസ്, ഏറ്റവും മുതിർന്ന രണ്ടു ജഡ്ജിമാർ, നിയമ മന്ത്രി, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ചേർന്ന് തിരഞ്ഞെടുക്കുന്ന രണ്ട് പ്രമുഖർ, ന്യൂനപക്ഷ-പിന്നാക്ക-വനിത വിഭാഗങ്ങളിൽ നിന്നൊരു പ്രതിനിധി എന്നിവർ ഉൾപ്പെട്ട എൻ.ജെ.എ.സി ജഡ്ജി നിയമനങ്ങളിൽ തീരുമാനമെടുക്കണമെന്നാണ് ഈ നിയമത്തിൽ പറഞ്ഞിരുന്നത്. പക്ഷേ, സർക്കാർ പ്രതിനിധി മാത്രം മതിയെന്നാണ് ഇപ്പോൾ നിയമമന്ത്രി പറയുന്നത്. പേരിനെങ്കിലും മുന്നോട്ടുവെച്ച സന്തുലിതാവസ്ഥ ഇതോടെ തകിടം മറിച്ചു.
സർക്കാർ പ്രതിനിധി കൊളീജിയത്തിൽ എത്തുന്നതോടെ ജഡ്ജി നിയമനം രാഷ്ട്രീയ താൽപര്യങ്ങൾക്കുകൂടി വശംവദമാകും. സ്വതന്ത്ര നീതിപീഠമെന്ന സങ്കൽപത്തിനും അത്തരമൊരു സംവിധാനത്തിന്റെ ആർജവത്തിനുമാണ് മങ്ങലേൽക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണപ്പിഴവുകളും വൈകല്യങ്ങളും കൂടി നീതിപീഠം വിലയിരുത്തുന്നുണ്ടെന്നിരിക്കേ, നീതിപീഠത്തിന്റെ സ്വാതന്ത്ര്യം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാർലമെന്റ് പാസാക്കിയ എൻ.ജെ.എ.സി നിയമം സുപ്രീംകോടതി 2015ൽ അസാധുവാക്കിയത്. സർക്കാർ പ്രതിനിധിയെ കൊളീജിയത്തിൽ ഉൾപ്പെടുത്താനുള്ള പുതിയ നിർദേശത്തിലൂടെ സുപ്രീംകോടതി വിധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
എൻ.ജെ.എ.സി നിയമം സുപ്രീംകോടതി അസാധുവാക്കിയ സാഹചര്യത്തിൽ ബദൽ നിയമനിർമാണത്തിന് സർക്കാർ തയാറായില്ല. കോടതിവിധി വിപുല ബെഞ്ചിന്റെ പരിഗണനക്ക് എത്തിക്കാൻ പാകത്തിൽ പുനഃപരിശോധന ഹരജിയും നൽകിയില്ല. അതേസമയം തന്നെയാണ് സ്വന്തം പ്രതിനിധിയെ കൊളീജിയത്തിൽ എത്തിക്കാനുള്ള നിർദേശം. ന്യായാധിപന്മാർമാത്രം ഉൾപ്പെട്ട കൊളീജിയത്തിൽ സർക്കാർ പ്രതിനിധി എത്തുന്നത് ഫലത്തിൽ നൽകുക നീതിപീഠത്തെക്കുറിച്ച ദുഃസൂചനയാണ്.
ജഡ്ജി നിയമനം സുതാര്യമാക്കുന്ന ബദൽ സംവിധാനങ്ങൾ ചർച്ചാ വിഷയമാക്കുന്നതിനുപകരം, ഏറ്റവും മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെട്ട കൊളീജിയത്തിന്റെ പ്രവർത്തനത്തെക്കുറിച്ച വിമർശനങ്ങൾ ഉപരാഷ്ട്രപതി, നിയമമന്ത്രി തുടങ്ങി ഉന്നത ഭരണഘടനാ പദവികൾ വഹിക്കുന്നവർതന്നെ ഉയർത്തുന്നത് ജനങ്ങൾക്കിടയിൽ നീതിപീഠത്തെക്കുറിച്ച മോശം പ്രതിച്ഛായ വളർത്തുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.