ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ സർക്കാർ വിദ്യാലയങ്ങളെ അവഗണിച്ചെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ എ.എ.പിക്കല്ലാതെ മറ്റൊരു പാർട്ടിക്കും താൽപ്പര്യമില്ലെന്നും കെജ്രിവാൾ അവകാശപ്പെട്ടു. ബി.ആർ.അംബേദ്കറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ബാബാ സാഹിബ് നമ്മെ വിട്ടുപിരിഞ്ഞത് നമ്മുടെ രാജ്യത്തിന് ദൗർഭാഗ്യകരമാണ്. അദ്ദേഹം 15 വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ രാജ്യത്തെ എല്ലാ സർക്കാർ സ്‌കൂളുകളും മെച്ചപ്പെടുത്തുമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച 75 വർഷത്തിനിടയിൽ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് സർക്കാർ വിദ്യാലയങ്ങളെ അവഗണിച്ചു. അവരുടെ അജണ്ടയിൽ വിദ്യാഭ്യാസത്തിന് മുൻഗണനയില്ല" - അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യം മഹത്തായ പല നേതാക്കളെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിന് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത് ബാബാ സാഹിബ് മാത്രമാണെന്നും വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തതുപോലെ മറ്റാരും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാർട്ടികൾ എ.എ.പിയുടെ മുഴുവൻ ക്ഷേമപദ്ധതികളും പകർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പൊതുജനക്ഷേമ ഗ്യാരന്റികൾ ആദ്യമായി കൊണ്ടുവന്നത് താനാണെന്ന് കെജ്‌രിവാൾ അവകാശപ്പെട്ടു. ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും സൗജന്യ വൈദ്യുതിയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും അവരാരും സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ എ.എ.പി വലിയ പ്രവർത്തനമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാൽ ദാരിദ്ര്യം ഉൾപ്പെടെയുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ വരും തലമുറകൾ പിന്നാക്കം പോകുമെന്നും അദ്ദേഹം പറഞ്ഞു. എ.എ.പിയുടെ കീഴിലുള്ള ഡൽഹി സർക്കാരിന് ഏഴ് വർഷം കൊണ്ട് ഡൽഹിയിലെ രണ്ട് കോടി ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുമെങ്കിൽ 75 വർഷത്തിനുള്ളിൽ രാജ്യത്തെ 140 കോടി ജനങ്ങൾക്കും മികച്ച വിദ്യാഭ്യാസം നൽകാമായിരുന്നുവെന്നും എന്നാൽ ബോധപൂർവം ജനങ്ങളെ വിദ്യാഭ്യാസമില്ലാത്തവരാക്കി നിർത്തിയെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.