മുംബൈ: 'ടിക് ടോക്' താരം പൂജ ചവാന്‍റെ (22) ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മഹാരാഷ്ട്ര വനംമന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു. വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമാണ് റാത്തോഡ്. തിങ്കളാഴ്ച സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ് ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് രാജിക്കത്ത് നൽകിയത്. റാത്തോഡിന്‍റെ രാജിക്കായി ബി.ജെ.പി കടുത്ത സമ്മർദം ചെലുത്തിയിരുന്നു.
സഞ്ജയ് റാത്തോഡും പൂജയുടെ ബന്ധുവും തമ്മിൽ നടത്തിയതായി ആരോപിക്കുന്ന ഫോൺ സംഭാഷണങ്ങളുടെ ഒാഡിയോ ക്ളിപ്പുകൾ ചോർന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തുകയായിരുന്നു. പൂജയുടെ ഗർഭമലസിയതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയെ സംശയമുനയിലാക്കി.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ 16ന് മുഖ്യനെ കണ്ട് റാത്തോഡ് രാജി സന്നദ്ധത അറിയിച്ചെങ്കിലും ബഞ്ചാര സമൂദായത്തിന്‍റെ സമ്മർദം ഭയന്ന് സ്വീകരിച്ചിരുന്നില്ല.
മന്ത്രിക്കെതിരായ ആരോപണങ്ങൾ പൂജയുടെ ബന്ധുക്കൾ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴിനാണ് പുണെയിൽ സഹോദരൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പൂജ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.