പൂജ ഖേദ്കറെ പിരിച്ചുവിടാൻ സാധ്യത: മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി

ന്യൂഡൽഹി: അധികാര ദുർവിനിയോഗവും വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന ആരോപണവും നേരിടുന്ന വിവാദ ഐ.എ.എസ് ട്രെയിനി ഓഫിസർ പൂജ ഖേദ്കറെക്കുറിച്ചുള്ള റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗരാഡെയുടെ നേതൃത്വത്തിലുള്ള പൊതുഭരണ വകുപ്പ് ഒരാഴ്ച നീണ്ട അന്വേഷണത്തിന് ശേഷമാണ് കേന്ദ്ര പേഴ്‌സനൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്.

അതിനിടെ, കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പൂജ ഖേദ്കറെ പുറത്താക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വസ്‌തുതകൾ മറച്ചുവെക്കുകയും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്താൽ അവർ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്രസർക്കാർ രൂപീകരിച്ച ഏകാംഗ സമിതിക്കും അയച്ചിട്ടുണ്ട്. സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് പൂജ ഖേദ്കർ നടത്തിയ അവകാശവാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച രേഖകളടങ്ങിയതാണ് മഹാരാഷ്ട്ര സർക്കാരിന്റെ റിപ്പോർട്ട്. യു.പി.എസ്‌.സി സെലക്ഷൻ പ്രക്രിയയിൽ ഇളവുകൾ ലഭിക്കുന്നതിന് വൈകല്യങ്ങളുണ്ടെന്ന് അവർ അവകാശപ്പെട്ടിരുന്നുവെങ്കിലും അവ സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകാൻ പൂജ ഖേദ്കർ വിസമ്മതിച്ചിരുന്നു.

മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് ദിലീപ് ഖേദ്കറിന് 40 കോടി രൂപയുടെ ആസ്തിയുള്ളതിനാൽ അവർ ഒ.ബി.സി നോൺ ക്രീമി ലെയറിന് കീഴിൽ വന്നിട്ടില്ലെന്നാണ് ആരോപണം. സ്വകാര്യ കാറിൽ അനധികൃതമായി ‘മഹാരാഷ്ട്രസർക്കാർ’ എന്ന ബോർഡും ബീക്കൺ ലെറ്റും സ്ഥാപിച്ച് നേരത്തേ അവർ വിവാദത്തിലായിരുന്നു. 

Tags:    
News Summary - Pooja Khedkar likely to be sacked: Maharashtra government submits report to centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.