ബിഹാറിൽ ജെ.ഡി.യു–ആർ.ജെ.ഡി സർക്കാറിന് പാലമിട്ടത് പോപുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും -ബി.ജെ.പി

പോപുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും പോലുള്ള തീവ്രവാദ സംഘടനകളാണ് ബിഹാറിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെ വീണ്ടും ആർ.ജെ.ഡിയുമായി അടുപ്പിച്ചതെന്ന് ബി.ജെ.പി. പോപുലർ ഫ്രണ്ടിന് നേരിട്ട് ബന്ധമുള്ള തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് പൊലീസ് അന്വേഷണം നീളുന്നുവെന്ന് മനസ്സിലായതോടെയാണ് ജെ.ഡി.യു തങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജെയ്സ്വാൾ പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

"പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ), എസ്.ഡി.പി.ഐ നേതാക്കളാണ് തേജസ്വി യാദവിനും നിതീഷ് കുമാറിനും ഇടയിൽ പാലമായി പ്രവർത്തിച്ചത്. അവർ വോട്ട് ചെയ്യുന്നത് തേജസ്വിയുടെ പാർട്ടിക്കാണ്. പി.എഫ്.ഐ നേതാക്കൾക്ക് നിതീഷ് കുമാറുമായും അടുത്ത ബന്ധമുണ്ട്" ജെയ്സ്വാൾ പറഞ്ഞു. തങ്ങളുമായുള്ള ബന്ധം തകരാനുള്ള യഥാർഥ കാരണം പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള ഒരു തീവ്രവാദ ഘടകം ബിഹാർ പൊലീസ് തകർത്തതാണെന്നും പട്‌നയിൽനിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് കേസ് എൻ.ഐ.എക്ക് കൈമാറിയിരുന്നെന്നും ജയ്‌സ്വാൾ ആരോപിച്ചു.

ജെ.ഡി.യു–ആർ.ജെ.ഡി സഖ്യ സർക്കാറിനെതിരെ ധർണയടക്കമുള്ള സമരം ആരംഭിക്കാൻ പോവുകയാണ്. അവസരവാദികളും അഴിമതിക്കാരുമാണ് ഇപ്പോൾ ബിഹാർ ഭരിക്കാൻ പോകുന്നത്. സഖ്യത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കും. നിതീഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കും. ഇനി എന്തിനും നിതീഷ് കുമാർ ഉത്തരം പറയേണ്ടി വരും. സംസ്ഥാനത്തെ ക്രമസമാധാന നിലയെപ്പറ്റി ചോദിച്ചാലും ആർ.ജെ.ഡിക്കാരാണ് സംസ്ഥാനത്തെ മദ്യമാഫിയക്കാരെന്ന് പറഞ്ഞാലും അദ്ദേഹത്തിന് ദേഷ്യമായിരുന്നെന്നും ജെയ്സ്വാൾ പറഞ്ഞു.

Tags:    
News Summary - Popular Front and SDPI are the bridge between JDU and RJD government in Bihar -BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.