ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രക്കെതിരായ ചോദ്യക്കോഴ വിഷയം എം.പി സ്ഥാനത്തുനിന്ന് പുറത്താക്കിയതിൽ തീരാനിടയില്ല.
കോഴപ്പണം സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. അതനുസരിച്ച തുടർനീക്കങ്ങൾ ഉണ്ടായേക്കും.
പരാതിക്കാരനായ നിഷികാന്ത് ദുബെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ലോക്പാലിനെ സമീപിച്ചിരുന്നു. ഈ പരാതി അന്വേഷണം ആവശ്യപ്പെടുന്നുണ്ടോ എന്ന് വിലയിരുത്താൻ സി.ബി.ഐക്ക് വിട്ടിരിക്കുകയാണ് ലോക്പാൽ. കേസെടുക്കാൻ തക്ക കാരണങ്ങളുണ്ടോ എന്ന പ്രാഥമിക അന്വേഷണത്തിലാണ് സി.ബി.ഐ.
ലോക്സഭയിലെ അയോഗ്യയാക്കൽ നടപടിക്കെതിരെ മഹുവക്ക് സുപ്രീംകോടതിയെ സമീപിക്കാം. എന്നാൽ, പാർലമെന്റിലെ തീരുമാനത്തിൽ കോടതിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്.
ഒക്ടോബർ 15: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പ്രമുഖ വ്യവസായി ഗൗതം അദാനിക്കെതിരെ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് പണവും സമ്മാനങ്ങളും സ്വീകരിച്ചതായി അഭിഭാഷകൻ ജയ് ആനന്ദ് തന്നെ അറിയിച്ചതായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ സ്പീക്കർ ഓം ബിർലക്ക് പരാതി നൽകി.
ഒക്ടോബർ 17: സ്പീക്കർ ഓം ബിർല പരാതി നടപടിക്കായി പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു.
ഒക്ടോബർ 19: മഹുവ മൊയ്ത്രയുടെ പാർലമെന്റ് ലോഗിൻ ഐ.ഡി ഉപയോഗിച്ചതായി ദർശൻ ഹിരാനന്ദാനി എത്തിക്സ് കമ്മിറ്റി മുമ്പാകെ സത്യവാങ്മൂലം നൽകി.
ഒക്ടോബർ അവസാന വാരം: വാർത്താ ചാനലായ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പാർലമെന്റ് ലോഗിൻ ഐ.ഡിയും പാസ്വേഡും ചോദ്യങ്ങൾ പാർലമെന്റ് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യാൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചു. എന്നാൽ, ചോദ്യങ്ങൾ തന്റേത് മാത്രമായിരുന്നുവെന്നും അതിന് പണം സ്വീകരിച്ചില്ലെന്നും വ്യക്തമാക്കി.
നവംബർ 2: മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റി മുമ്പാകെ ഹാജരായി. എന്നാൽ, സമിതി അംഗങ്ങൾ പ്രത്യേകിച്ച് ചെയർമാൻ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചെന്നാരോപിച്ച് അവർ ഇറങ്ങിപ്പോയി. ഇതിനുശേഷം നിഷികാന്ത് ദുബെ, ജയ് ആനന്ദ് എന്നിവരുടെ മൊഴിയെടുത്തു.
നവംബർ 9: മഹുവ മൊയ്ത്രയെ പാർലമെന്റംഗത്വത്തിൽനിന്ന് പുറത്താക്കാൻ ശിപാർശ ചെയ്ത എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സ്പീക്കർ സ്വീകരിച്ചു.
ഡിസംബർ 8: എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ചർച്ചക്കായി സ്പീക്കർ ലോക്സഭയിൽ വെച്ചു. മഹുവ മൊയ്ത്രയെ പാർലമെന്റിൽനിന്ന് പുറത്താക്കി.
ന്യൂഡൽഹി: ബി.ജെ.പി അംഗം നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് ആനന്ദ്, വ്യവസായി ദർശൻ ഹീരാനന്ദാനി എന്നിവർ നൽകിയ പരാതികളുടെ പകർപ്പ് അടക്കം 495 പേജ് വരുന്ന എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ:
എം.പിമാർക്ക് ചോദ്യം ഉന്നയിക്കാനുള്ള ലോക്സഭ വെബ്സൈറ്റിൽ പ്രവേശിക്കാൻ ദുബൈയിൽ താമസക്കാരനായ വ്യവസായി ദർശൻ ഹീരാനന്ദാനിക്കും അയാളുടെ കമ്പനിക്കും ലോഗിൻ ഐ.ഡിയും പാസ്വേർഡും കൈമാറി. ഹീരാനന്ദാനിക്ക് വിദേശ ബന്ധുക്കളുണ്ടെന്നിരിക്കെ, ദേശസുരക്ഷ പ്രശ്നവും ഇതിലുണ്ട്. എം.പിമാർക്ക് നൽകിയ ബില്ലുകളും നിരവധി രേഖകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തതാണ്.
ഹീരാനന്ദാനി ദുബൈയിലാണ്. 2019നും 2023നുമിടയിൽ നാലു വട്ടമാണ് മഹുവ യു.എ.ഇയിൽ പോയതെങ്കിലും ചോദ്യമുന്നയിക്കാൻ 47 തവണ അവിടെനിന്ന് വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്തിട്ടുണ്ട്. യു.എസ്, യു.കെ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ആറു തവണയും ലോഗിൻ ചെയ്തു. പാസ്വേഡ് കൈമാറരുതെന്ന നിർദേശം എം.പിമാർക്ക് നൽകിയിട്ടുള്ളപ്പോൾ തന്നെയാണിത്. ഡൽഹി, ദുബൈ, ബംഗളൂരു, യു.എസ് എന്നിവിടങ്ങളിൽനിന്ന് ഒരു ദിവസം തന്നെ ലോഗിൻ ചെയ്തതായി തെളിവുണ്ട്.
ചോദ്യമുന്നയിക്കാൻ അവസരം നൽകിയതിന് പലവട്ടം വിലകൂടിയ പാരിതോഷികങ്ങൾ വാങ്ങിയിട്ടുണ്ട്. ഹീരാനന്ദാനിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് പലവട്ടം യാത്രകൾ നടത്തി. ഇത് അധാർമികമാണ്. ഹീരാനന്ദാനിയിൽനിന്ന് പണം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ കമ്മിറ്റിക്ക് കഴിയില്ല. കേന്ദ്രസർക്കാറിന്റെ അന്വേഷണ ഏജൻസികൾ ഇക്കാര്യം സമയബന്ധിതമായി അന്വേഷിക്കണം.
ആഭ്യന്തര, ഇലക്ട്രോണിക്സ്-ഐ.ടി, വിദേശകാര്യ മന്ത്രാലയങ്ങളിൽനിന്ന് കമ്മിറ്റി വിശദീകരണം തേടിയിരുന്നു. അംഗങ്ങൾക്കുള്ള വെബ് പോർട്ടലിൽ അനധികൃതമായി കടക്കുന്നത് രഹസ്യാത്മക വിവരങ്ങൾ ചോരാൻ ഇടയാക്കാമെന്നും ദേശസുരക്ഷയെ ബാധിക്കാമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞിട്ടുണ്ട്. ദുബൈയിലെ കോൺസൽ ജനറലിന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ച് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമാണ് ഹീരാനന്ദാനി നൽകിയിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എവിടെനിന്നൊക്കെ ലോഗിൻ ചെയ്തിട്ടുണ്ടെന്ന വിവരങ്ങൾ ഐ.ടി മന്ത്രാലയം നൽകി.
പാർലമെന്റിന്റെയും പാർലമെന്റ് അംഗങ്ങളുടെയും അന്തസ്സിന്റെ വിഷയം ഇതിൽ അടങ്ങിയിട്ടുണ്ട്. തെറ്റുചെയ്ത അംഗത്തെ പുറത്താക്കി മാതൃക കാണിക്കേണ്ടത് സഭയുടെ ഉത്തരവാദിത്തമാണ്. മഹുവയെ പാർലമെന്റിൽനിന്ന് പുറത്താക്കണം. കോഴ വാങ്ങിയിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. എത്തിക്സ് കമ്മിറ്റിയിൽ ചെയർമാനോടും മറ്റും മോശമായി പെരുമാറിയ ബി.എസ്.പി അംഗം ഡാനിഷ് അലിയെ താക്കീതു ചെയ്യണം.
ന്യൂഡൽഹി: മഹുവ മൊയ്ത്രക്കെതിരെ ദുബൈയിൽനിന്ന് സത്യവാങ്മൂലം എത്തിച്ചുകൊടുത്ത വ്യവസായി ഹീരാനന്ദാനിയെ നേരിട്ടു കേൾക്കാത്ത എത്തിക്സ് കമ്മിറ്റി എം.പിയെ പുറത്താക്കാൻ ശിപാർശ ചെയ്തതിന്റെ അടിസ്ഥാനം ചോദ്യം ചെയ്ത് പ്രതിപക്ഷം. തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാട്ടുന്ന വിഷയങ്ങൾ:
എം.പിമാർ നേരിട്ട് വെബ്സൈറ്റ് ഉപയോഗിക്കുക പ്രായോഗികമല്ല. മിക്കവാറും പി.എമാരാണ് എം.പിമാരുടെ ചോദ്യങ്ങൾ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നത്. ചോദ്യം അപ്ലോഡ് ചെയ്യാൻ പാസ്വേഡ് കൈമാറിയത് എം.പിയെ പുറത്താക്കാൻ തക്ക കുറ്റമൊന്നുമല്ല. ചോദ്യമുന്നയിക്കാൻ അവസരം നൽകിയതിന് കോഴപ്പണം സ്വീകരിച്ചതിന് തെളിവില്ല. എത്തിക്സ് കമ്മിറ്റി കണ്ടെത്തിയിട്ടുമില്ല.
ബി.ജെ.പി അംഗം നിഷികാന്ത് ദുബെ, അഭിഭാഷകനായ ജയ് ആനന്ദ് എന്നിവരുടെ പരാതിയും ദർശൻ ഹീരാനന്ദാനി നൽകിയ സത്യവാങ്മൂലവും മാത്രം ആധാരമാക്കിയാണ് പുറത്താക്കൽ. ഹീരാനന്ദാനിയെ എത്തിക്സ് കമ്മിറ്റി വിളിപ്പിക്കുകയോ പറയാനുള്ളത് കേൾക്കുകയോ ചെയ്തിട്ടില്ല. മഹുവക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ എത്തിക്സ് കമ്മിറ്റിയിലോ ലോക്സഭയിലോ അവസരം ലഭിച്ചില്ല. മഹുവയെ വിളിപ്പിച്ച എത്തിക്സ് കമ്മിറ്റി സ്വകാര്യ ജീവിതത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യങ്ങളാണ് ഉന്നയിച്ചത്.
എത്തിക്സ് കമ്മിറ്റി നാലര വർഷത്തിനിടയിൽ നൽകിയ ഏക റിപ്പോർട്ട് ഇതാണ്. മൂന്നു സിറ്റിങ്ങുകൾ കൊണ്ട് പുറത്താക്കൽ ശിപാർശ തയാറാക്കി. സ്വാഭാവിക നീതിക്ക് എതിരാണ് പുറത്താക്കൽ നടപടി. ലോക്സഭ മഹുവയുടെ വിശദീകരണം കേൾക്കുകകൂടി ചെയ്താണ് തീരുമാനം എടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.