രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് പ്രദ്യോത് മാണിക്യ ദേബ് ബർമൻ, ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുൻപാണീ പ്രഖ്യാപനം

അഗർത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രാഷ്ട്രീയം വിടുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി തിപ്ര മോത അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍. തെരഞ്ഞെടുപ്പ് പര്യടനം അവസാനിക്കുന്ന ദിവസം നടന്ന റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ദേബ് ബര്‍മന്റെ പ്രഖ്യാപനം. വ്യാഴാഴ്ച നടക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടുമെന്നും ഇനി രാജാവിനെപ്പോലെ വോട്ട് ചോദിക്കില്ലെന്നും രാജകുടുംബാംഗം കൂടിയായ ദേബ് ബര്‍മ്മന്‍ വ്യക്തമാക്കി. ത്രിപുര ഉപമുഖ്യമന്ത്രിയും മറ്റൊരു രാജകുടുംബാംഗവുമായി ജിഷ്ണു ദേബ് ബര്‍മന്‍ മത്സരിക്കുന്ന ചരിലം നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രദ്യോതിന്റെ പ്രഖ്യാപനം. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ വഞ്ചിച്ചതായും പ്രദ്യോത് ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്ന മാര്‍ച്ച് രണ്ടിന് ശേഷം രാഷ്ട്രീയത്തിലുണ്ടാകില്ല. എന്നാല്‍, എന്നും ജനങ്ങളോടൊപ്പം ഉണ്ടാകും. ആരോഗ്യം, വിദ്യാഭ്യാസം, പാവപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രദ്യോത് അറിയിച്ചു. തന്റെ പോരാട്ടം രാജകുടുംബത്തിന്റെ പോരാട്ടമല്ലെന്നും അവകാശം നിഷേധിച്ച ജനതക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ആകെയുള്ള 60 നിയമസഭാ സീറ്റുകളില്‍ 42ലും ഇത്തവണ തിപ്രമോത മത്സരിക്കുന്നുണ്ട്. ആദിവാസി സ്വാധീനമേഖലകളില്‍ തിപ്രമോതയുടെ സാന്നിധ്യം നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2021 ഏപ്രിലില്‍ നടന്ന ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 18 എണ്ണത്തിലും തിപ്ര മോത വിജയിച്ചിരുന്നു.

Tags:    
News Summary - Pradyot Manikya Deb Burman says he will end his political career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.