പ്രഫുൽ പട്ടേൽ നടപ്പാക്കുന്നത് ജനവിരുദ്ധ പരിഷ്കാരങ്ങൾ; തിരിച്ചു വിളിക്കണമെന്ന് ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്‍റെ ജനദ്രോഹ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ. ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഉമേഷ് സൈഗാൾ കത്തയച്ചു.

പ്രഫുൽ പട്ടേൽ നടത്തുന്നത് ദ്വീപ് ജനതയെ ബുദ്ധിമുട്ടിലാക്കുന്ന പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നത്. ഒരു കുറ്റകൃത്യം പോലും റിപ്പോർട്ട് ചെയ്യാത്ത നാട്ടിൽ ഗുണ്ടാ നിയമം ഉൾപ്പെടെ പുതിയ നിയമങ്ങളെല്ലാം അനാവശ്യമാണ്. അഞ്ചു മാസം കൊണ്ട് കൊണ്ടുവന്ന പരിഷ്കാരങ്ങളൊക്കെ ലക്ഷദ്വീപിന് ചേരാത്തതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും കത്തിൽ പറയുന്നു.

ലക്ഷദ്വീപിനെ മാലിദ്വീപുമായി താരതമ്യം ചെയ്യരുത്. കരയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് ദ്വീപ് നിവാസികൾ. ദ്വീപിന്‍റെ ലാൻഡ് ഡെവലപ്പ്മെന്‍റിന് പകരം സീ ഡെവലപ്പ്മെന്‍റ് അതോറിറ്റിയാണ് വികസിപ്പിക്കേണ്ടത്. 50,000 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള കടലാണ് ദ്വീപിന് ചുറ്റുമുള്ളത്. അവിടെയാണ് വികസനം കൊണ്ടുവരേണ്ടത്. ദ്വീപ് നിവാസികളെ കരയുമായി അടുപ്പിക്കേണ്ട വികസനമാണ് വേണ്ടത്. പരിമിതമായ ഭൂമിയുള്ള ദ്വീപിൽ ഭൂമി അടിസ്ഥാനമാക്കിയുള്ള വികസനം യോജിക്കുന്നതല്ലെന്നും സൈഗാൾ ചൂണ്ടിക്കാട്ടുന്നു.

ടൂറിസം സാധ്യതകൾ ദ്വീപിൽ പ്രായോഗികമല്ല. ഭൂപ്രകൃതിക്കും പൈതൃകത്തിനും ജനങ്ങളുടെ ജീവിതവുമായും ബന്ധപ്പെട്ട ടൂറിസ വികസന പ്രവർത്തനങ്ങൾ നിലവിൽ ദ്വീപിലുണ്ട്. അതിനാണ് ഒരു പ്രത്യേക സംവിധാനം നടപ്പാക്കിയിട്ടുള്ളത്. ദ്വീപിലെ ജനങ്ങളുടെ ജീവിതത്തെ ഉയർത്തി കൊണ്ടുവരാനുള്ള മറ്റ് നീക്കങ്ങളാണ് വേണ്ടത്.

അങ്കണവാടികളിലെ അധ്യാപകരെ പോലും പിരിച്ചുവിട്ടത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. കൂട്ടപിരിച്ചുവിടല്‍ കൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നതെന്നും കുട്ടികളുടെ ഭക്ഷണത്തില്‍ നിന്നു പോലും മാംസവിഭവങ്ങള്‍ ഒഴിവാക്കുന്നത് എന്തിനാണെന്നും കത്തിൽ ചോദിക്കുന്നു.

അഡ്മിനിസ്ട്രേറ്ററുടെ ഇപ്പോഴത്തെ നടപടികള്‍ ശരിയല്ല. ദ്വീപിലെ പ്രവര്‍ത്തന പരിചയംവെച്ചും ദ്വീപിനെ അടുത്തറിയാവുന്ന ആളെന്ന നിലയിലുമാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും ഉമേഷ് സൈഗാൾ കത്തില്‍ ആവശ്യപ്പെടുന്നു.

1982 മുതൽ 85 വരെ അഡ്മിനിസ്ട്രേറ്ററായിരുന്ന ഉമേഷ് സൈഗാൾ ആണ് ലക്ഷദ്വീപിൽ ടൂറിസം പദ്ധതികൾക്ക് രൂപം നൽകിയത്.

Tags:    
News Summary - Praful K Patel implements anti-people reforms says Former Lakshadweep administrator Omesh Saigal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.