ന്യൂഡൽഹി: ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടിയ ദ്വീപ് സ്വദേശിയും സിനിമ പ്രവർത്തകയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ രാജ്യസഭ എം.പി വി. ശിവാദസൻ. ഐഷ സുൽത്താനയല്ല, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലാണ് രാജ്യദ്രോഹിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോ? മണ്ണും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണോ?
തെറ്റായ നയങ്ങളിലൂടെ ദ്വീപിൽ മഹാമാരി പടർത്താൻ കാരണക്കാരായവരെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണോ?
ഭക്ഷണത്തിനും സംസ്കാരത്തിനും മേലുള്ള കടന്നുകയറ്റം ചെറുക്കുന്നത് രാജ്യദ്രോഹമാണോ? സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിവർന്നു നിൽക്കുന്നത് രാജ്യദ്രോഹമാണോ?
ആവർത്തിക്കുന്നു, ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ കോവിഡ് അതിതീവ്രമായി പടരാൻ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമർശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിൻെറ കൂടെ മാത്രമേ രാജ്യസ്നേഹമുള്ളവർക്ക് നിൽക്കാൻ സാധിക്കുകയുള്ളൂ. ക്രിമിനൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററാണ്.
എൻെറ രാജ്യം സ്വാതന്ത്രത്തിേൻറതാണ്, അടിമത്തത്തിേൻറതല്ല. എൻെറ രാജ്യം ജനങ്ങളുടേതാണ്, പരമാധികാരികളുടേതല്ല. എൻെറ രാജ്യം സ്നേഹിക്കുന്നവരുടേതാണ്, വെറുപ്പിൻെറ വ്യാപാരികളുടേതല്ല. എൻെറ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല. ഐഷ സുൽത്താനക്കും പൊരുതുന്ന ലക്ഷദ്വീപിനും ഐക്യദാർഢ്യം' -വി. ശിവദാസൻ എം.പി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.