ന്യൂഡൽഹി: വിവാദ എം.പി പ്രജ്ഞ സിങ് ഠാകുർ സീറ്റ് മാറാൻ വിസമ്മതിച്ചതു കാരണം തങ്ങളുടെ ഡൽഹി-ഭോപാൽ വിമാനം 45 മിനിറ്റ് വൈകിയതായി സ്പൈസ് ജെറ്റ്. വീൽചെയറിൽ സഞ്ചരിക്കുന്ന പ്രജ്ഞക്ക് എമർജൻസി എക്സിറ്റ് നിരയിലെ സീറ്റിൽ നിയമപ്രകാരം അനുവാദമില്ലെന്നും സീറ്റ് മാറണമെന്നും വിമാന ജീവനക്കാർ അഭ്യർഥിച്ചെങ്കിലും എം.പി വിസമ്മതിച്ചതാണ് ൈവകാൻ കാരണമെന്നും വിമാനക്കമ്പനി അധികൃതർ വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
സ്വന്തം വീൽചെയറിലായിരുന്നു എം.പി എത്തിയത്. വീൽചെയർ യാത്രക്കാരി ആണെന്ന് അറിയിക്കാതെ വന്നതിനാലാണ് അവർക്ക് എമർജൻസി വാതിലിന് അരികിലുള്ള നിരയിൽ സീറ്റ് അനുവദിച്ചത്. ഈ നിരയിൽ സീറ്റ് അനുവദിക്കണമെങ്കിൽ, പൂർണ ആരോഗ്യവാന്മാരാകണം എന്നു തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിൽ ഒഴിപ്പിക്കൽ ഉണ്ടായാൽ മറ്റു യാത്രക്കാരെ സഹായിക്കാൻ കഴിയുന്നവരാകണം ഈ നിരയിൽ ഉണ്ടാവേണ്ടത് എന്നതിനാലാണ് ഈ നിബന്ധനകൾ.
എം.പി വീൽചെയറിൽ ആണെന്ന് അറിഞ്ഞതോടെ സീറ്റ് മാറാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. പ്രജ്ഞ വിസമ്മതിക്കുകയും മാനദണ്ഡങ്ങൾ വിവരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഉന്നത ഉദ്യോഗസ്ഥരെ വളിച്ചുവരുത്തി പരാതിപ്പെടുകയും ചെയ്തതോടെ സമയം വൈകി. ക്ഷമ നശിച്ച സഹ യാത്രക്കാരടക്കം ആവശ്യപ്പെട്ടതോടെ ഒടുവിൽ ഇവർ സീറ്റ് മാറാൻ സമ്മതിക്കുകയായിരുന്നു. പ്രജ്ഞയുടെ പിടിവാശി കാരണം സർവിസ് 45 മിനിറ്റോളം വൈകിയെന്നും സ്പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.