ന്യൂഡൽഹി: കോർപറേറ്റ്-താരനിരയുടെ വർധിച്ച പങ്കാളിത്തത്തിനിടയിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽനിന്ന് വിട്ടുനിന്ന് പ്രതിപക്ഷം. ഇൻഡ്യ സഖ്യത്തിലെ 28 പാർട്ടി നേതാക്കൾക്കു പുറമെ, ഭരണ-പ്രതിപക്ഷ മുന്നണികളിൽ ഔപചാരിക അംഗങ്ങളല്ലാത്ത ബി.എസ്.പി, ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയവയുടെ നേതാക്കളും അയോധ്യയിലെത്തിയില്ല.
ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയായി പ്രാണപ്രതിഷ്ഠ ചടങ്ങിനെ മാറ്റുന്നുവെന്ന് കുറ്റപ്പെടുത്തിയ നിരവധി പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ എതിർപ്പ് രാമനോടോ വിശ്വാസികളോടോ അല്ലെന്ന് വ്യക്തമാക്കി ബദൽ പരിപാടികൾ സംഘടിപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സർവമത പ്രതിനിധികൾ പങ്കെടുത്ത റാലി നടന്നു. വിവിധ സമുദായങ്ങളുടെ ആരാധനാലയങ്ങൾ ബന്ധിപ്പിച്ചായിരുന്നു മമതയുടെ നേതൃത്വത്തിൽ പദയാത്ര.
സാമൂഹിക-പൗരാവകാശ പ്രവർത്തകരായ മലിക് മുഅ്തസിം ഖാൻ, ഹർഷ് മന്ദർ, ടീസ്റ്റ സെറ്റൽവാദ്, ഡോ. മസീഹുറഹ്മാൻ, ദീപാങ്കർ ഭട്ടാചാര്യ, ഗൗഹർ റിസ്വി തുടങ്ങിയവരും റാലിയിൽ അണിചേർന്നു.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ശോഭയാത്രകൾ നടന്നു. ബി.ജെ.പിക്കുള്ള രാഷ്ട്രീയ മറുപടിയെന്ന നിലയിൽ കഴിഞ്ഞ മൂന്നു ദിവസമായി രാമായണ പാരായണവും പൊതു പ്രാർഥന പരിപാടികളും നടത്തിവരുകയായിരുന്നു മുഖ്യമന്ത്രി കെജ്രിവാളിന്റെ നേതൃത്വത്തിൽ മന്ത്രിമാർ അടക്കമുള്ളവർ. പ്രാണപ്രതിഷ്ഠ ദിനത്തിൽ സമൂഹ അടുക്കളകളിലൂടെ സൗജന്യ ഭക്ഷണ വിതരണവും നടന്നു.
ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഭാര്യ രശ്മി താക്കറെക്കും മറ്റു കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം നാസിക്കിലെ കാലാറാം ക്ഷേത്രത്തിലെത്തി ആരതി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.