ന്യൂഡൽഹി: റിപ്പബ്ലിക്ദിനം പ്രമാണിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ഭാരതീയ ജനസംഘം നേതാവ് നാനാജി ദേശ്മുഖ്, ഗായകനും ബി.ജെ.പി അനുഭാവിയുമായിരുന്ന ഭൂപൻ ഹസാരിക എന്നിവർക്ക് രാജ്യത്തിെൻറ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന. നാനാജി ദേശ്മുഖിനും ഭൂപൻ ഹസാരികക്കും മരണാനന്തര ബഹുമതിയായാണ് ഭാരത് രത്ന സമ്മാനിക്കുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം മുൻ പ്രധാനമന്ത്രി വാജ്പേയിക്ക് ഭാരത് രത്ന സമ്മാനിച്ചിരുന്നു. അതിനുശേഷം മൂന്നു പേരെ ഭാരത് രത്നക്ക് തിരഞ്ഞെടുത്തത് അത്യപൂർവതയാണ്.
മോദി സർക്കാർ മാസങ്ങൾക്കകം ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് സംഘ്പരിവാർ ആചാര്യനെയും അനുഭാവിയെയും ഒരുപോലെ ആദരിച്ചത്. ഇതിനൊപ്പം, പഴയ കോൺഗ്രസ് നേതാവുകൂടിയായ പ്രണബ് മുഖർജിക്ക് ഭാരത് രത്ന നൽകി സന്തുലിത പരിഗണനയെന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. മോദി സർക്കാറിെൻറ പല നിർണായക നടപടികളെയും അദ്ദേഹം പിന്താങ്ങുകയും ചെയ്തിരുന്നു. നാഗ്പുർ ആർ.എസ്.എസ് കാര്യാലയത്തിൽ വിജയദശമി സന്ദേശം നൽകാൻ പോയത് കോൺഗ്രസിൽനിന്നടക്കം ഏറെ വിമർശനം ഉയർത്തുകയും ചെയ്തു. മുഖർജി രാഷ്ട്രപതിയായിരിക്കെ, ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് രാഷ്ട്രപതിഭവനിലെ സന്ദർശകനായിരുന്നു.
ചന്ദികാദാസ് അമൃത്രാജ് ദേശ്മുഖ് എന്ന നാനാജി ദേശ്മുഖിന് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ മികച്ച പ്രവർത്തനം മുൻനിർത്തി നേരേത്ത പത്മവിഭൂഷൺ നൽകിയിട്ടുണ്ട്. മറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച നാനാജി രാജ്യസഭാംഗവുമായിരുന്നു. 2010 ഫെബ്രുവരിയിൽ അന്തരിച്ചു. സംഘ്പരിവാറിന് ആവേശം നൽകുന്നതിനൊപ്പം, മുന്നാക്ക വിഭാഗങ്ങളെയും മഹാരാഷ്ട്രയെയും തെരഞ്ഞെടുപ്പു കാലത്ത് സ്വാധീനിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഭാരത് രത്നയിൽ പ്രതിഫലിക്കുന്നു.
2004ലെ തെരഞ്ഞെടുപ്പിൽ ഗുവാഹതി മണ്ഡലത്തിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചുതോറ്റ ഭൂപൻ ഹസാരിക, ജനപ്രിയ ഗാനപ്രതിഭയെന്ന നിലയിൽ 2003 വരെയുള്ള അഞ്ചു വർഷം കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. പത്മവിഭൂഷണിനും അർഹനായി. 2011 നവംബറിൽ അന്തരിച്ചു. അസം അടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി സന്തോഷിപ്പിക്കുന്ന തീരുമാനമാണ് ഭാരത് രത്ന പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.