ഇന്ത്യയെ ഐക്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ നൽകേണ്ടതാണെന്ന് സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചുനിർത്തി തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയെന്ന അടവുനയമാണ് ആർ.എസ്.എസിന്‍റേത്. അതിനെതിരെ, രാഹുൽ നടത്തുന്ന യാത്രയെ എല്ലാ പാർട്ടികളും പിന്തുണക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതി തീരമേഖലയെയാണ് ബാധിക്കുന്നതെങ്കിൽ, സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെയാകെ ബാധിക്കുന്നതാണ്. പ്രത്യാഘാതങ്ങൾ പഠിക്കാതെയാണ് ഇരു പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുപദ്ധതികളിൽ നിന്നും സംസ്ഥാന സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും സിൽവർ ലൈൻ കേരളത്തിന് ദുരന്തമാകും. സിൽവർ ലൈനിന്‍റെ ഡി.പി.ആർ അഴിമതികൾ നിറഞ്ഞതാണ്. സ്റ്റാൻഡേഡ് ഗേജിൽ പാത പണിയുന്നതിന് ഒരു ലക്ഷം കോടിയാണ് ചെലവ്. 200 കിലോമീറ്റർ വേഗത്തിൽ പോകുന്ന റെയിൽവേ ലൈനിനാണ് ഇത്ര തുക വേണ്ടിവരുന്നത്. അഞ്ച് ശതമാനം പലിശയാണെങ്കിൽ പോലും വായ്പയുടെ പ്രതിവർഷ തിരിച്ചടവ് പലിശ മാത്രം 5000 കോടി വേണ്ടിവരും. ടിക്കറ്റ് ചാർജ് അത്രമാത്രം ഉയർത്തിയാലേ തിരിച്ചടവിനുള്ള തുക സമാഹരിക്കാനാകൂവെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
ഗവർണർ കേന്ദ്ര സർക്കാറിന്‍റെ പാവയാണെന്നും സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരമില്ലാതാക്കുന്നതിന് കേരള സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ അനുകൂലിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ഭരണകാലത്ത് ഭൂരിഭാഗം ഭരണഘടനാസ്ഥാപനങ്ങളും ആർ.എസ്.എസുകാർ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞു. യു.ജി.സി, എൻ.സി.ഇ.ആർ.ടി അടക്കമുള്ള എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് ഇന്നിപ്പോൾ ഭൂരിഭാഗവും സംഘ്പരിവാർ ആശയം പിൻപറ്റുന്നവരാണ്. വിദ്യാഭ്യാസമെന്നത് ദേശീയത മാത്രം വളർത്താൻ വേണ്ടിയുള്ളതാണെന്ന് ചിന്തിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. അതിനായി സർവകലാശാലകളിൽ ടാങ്കറുകളും സൈനിക വിമാനത്തിന്‍റെ മോഡലുകളും അവർ സ്ഥാപിക്കുന്നു. വിമർശനാത്മകമായി ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള കുട്ടികളുടെ കഴിവുകളെ അവർ കൊന്നുകളയുകയാണെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.