ലഖ്നോ: ലുലുമാളിൽ നമസ്‌കാരം നടത്തിയ സംഭവത്തിൽ നാലു പേരെ ലഖ്നോ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 12ന് ലുലു മാളിൽ നമസ്കരിച്ച എട്ടുപേരും അമുസ്‌ലിംകളാണെന്ന റിപ്പോർട്ടുകൾ തള്ളിയ പൊലീസ് ഇപ്പോൾ അറസ്റ്റിലായ നാലുപേരും മുസ്‍ലീംകളാണെന്നും അവരെ ചോദ്യം ചെയ്തു വരികയാണെന്നും അറിയിച്ചു.
ജൂലൈ 12ന് നടന്ന നമസ്കാരത്തിന് ശേഷം ലുലു മാളിൽ മതപരമായ ആചാരങ്ങൾ നടത്താൻ ശ്രമിച്ചതിന് ജൂലൈ 15ന് നാലു പേർ അറസ്റ്റിലായിരുന്നു. സരോജ് നാഥ് യോഗി, കൃഷ്ണ കുമാർ പതക്, ഗൗരവ് ഗോസ്വാമി, അർഷാദ് അലി എന്നിവരായിരുന്നു അറസ്റ്റിലായത്. യോഗി, പഥക്, ഗോസ്വാമി എന്നിവർ പൂജ നടത്താൻ ശ്രമിച്ചപ്പോൾ അലി മാളിന്റെ പരിസരത്ത് നമസ്‌കരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ ജൂലൈ 12 ന് നമസ്കാരം നടത്തിയവരാണെന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുകയായിരുന്നെന്ന് ലഖ്‌നൗ കമ്മീഷണർ ചൊവ്വാഴ്ച പുറപ്പെടുവിച്ച വാർത്താ കുറിപ്പിൽ പറയുന്നു.
ഈ നാലുപേരെക്കൂടാതെ, ഷോപ്പിംഗ് മാളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ക്രമസമാധാനം തകർത്തതിന് 18 പേർക്കെതിരെ ജൂലൈ 16ന് കേസെടുത്തിരുന്നു. അന്നുതന്നെ ഹനുമാൻ ചാലിസ ചൊല്ലി മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു.
സുരക്ഷാ വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ ർശനമായി നേരിടുമെന്നും ലുലു മാൾ വിവാദത്തെ പരാമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
'ചില ആളുകൾ അനാവശ്യ പ്രസ്താവനകൾ നടത്തുകയും മാൾ സന്ദർശിക്കുന്ന ആളുകളെ തടയുന്നതിനായി പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രാർഥനകളോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് റോഡിൽ ഗതാഗതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലുലുമാളിൽ ആളുകൾ നമസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. നമസ്‌കാരത്തിനു പിന്നാലെ മാളിൽ തീവ്രഹിന്ദു സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലാൻ ശ്രമിച്ചതും വിവാദമായിരുന്നു. നമസ്‌കാരം തുടരാൻ അനുവദിച്ചാൽ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഇതിനു പിന്നാലെ നമസ്‌കാരം നിർവഹിച്ച അജ്ഞാതർക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.
രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച മാൾ ജൂലൈ പതിനൊന്നിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആളുകൾക്കായി തുറന്നു കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.