വോട്ട് വിഹിതത്തിൽ കോവിന്ദ് പിന്നിൽ; മീര കുമാർ മുന്നിൽ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് ലഭിച്ച വോട്ട് വിഹിതം രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറവെന്ന് തെരഞ്ഞെടുപ്പ് കമീഷൻ രേഖകൾ. 1974ന് ശേഷമുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ വോട്ട് മൂല്യം താരതമ്യം ചെയ്താണ് കമീഷന്‍റെ കണ്ടെത്തൽ. 

ശതമാന കണക്കിൽ വിലയിരുത്തിയാൽ കോവിന്ദിന് 65.65 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ, കോവിന്ദിന്‍റെ മുൻഗാമികളായ പ്രണബ് കുമാർ മുഖർജി 2012ൽ 69.31 ശതമാനം വോട്ടും പ്രതിഭ പാട്ടീൽ 2007ൽ 65.82 ശതമാനം വോട്ടുമാണ് നേടിയത്. കോവിന്ദിന് ലഭിച്ച 2930 വോട്ടിന് 7,02,044 വോട്ട് മൂല്യവും പ്രതിപക്ഷ സംയുക്ത സ്ഥാനാർഥിയായ മീര കുമാറിന് ലഭിച്ച 1844 വോട്ടിന് 3,67,314 വോട്ട് മൂല്യവുമാണ് ഉള്ളത്. 

അതേസമയം, കഴിഞ്ഞ 50 വർഷത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോർഡ് ആണ് കോവിന്ദിന്‍റെ എതിരാളിയായ മീര കുമാർ തകർത്തത്. 1967ലെ തെരഞ്ഞെടുപ്പിൽ മുൻ ചീഫ് ജസ്റ്റിസ് കോക സുബ്ബറാവു നേടിയ 3.63 ലക്ഷം വോട്ട് മൂല്യം എന്ന റെക്കോർഡാണ് 3.67 ലക്ഷം വോട്ട് മൂല്യത്തിലൂടെ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥിയായ മീര കുമാർ പിന്തള്ളിയത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് രാജിവെച്ച് മത്സരിച്ച റാവുവിനെ ഡോ. സക്കീർ ഹുസൈൻ പരാജയപ്പെടുത്തി.

1997ൽ രാഷ്ട്രപതി പദത്തിലെത്തിയ ആദ്യ ദലിതനും മലയാളിയുമായ കെ.ആർ നാരായണൻ 94.97 ശതമാനവും എ.പി.ജെ അബ്ദുൽ കലാം 89.57 ശതമാനവും വോട്ട് നേടി. 1982ൽ ഗ്യാനി സെയിൽസിങ് (72.73%), 1987ൽ ആർ. വെങ്കിട്ടരാമൻ (72.28%), 1992ൽ ശങ്കർ ദയാൽ ശർമ (65.87%) എന്നിങ്ങനെയാണ് കോവിന്ദിന്‍റെ മുൻഗാമികളുടെ വോട്ട് ശതമാനം. 

പ്രഥമ രാഷ്ട്രപതിയായ ആർ. രാജേന്ദ്ര പ്രസാദും (1957-98.99%) എസ്. രാധാകൃഷ്ണനും (1962-98.24%) കെ.ആർ നാരായണനും (1997-94.97%) മാത്രമാണ് 90 ശതമാനത്തിൽ കൂടുതൽ വോട്ട് നേടിയവർ. എന്നാൽ, 1977ൽ നീലം സഞ്ജീവ റെഡ്ഡി എതിരില്ലാതെയാണ് രാഷ്ട്രപതിയായത്. 

Tags:    
News Summary - president election: Ram Nath Kovind and Meira Kumar Breaks records -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.