ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ അലയടിക്കുന്ന കർഷക സമരവും പ്രതിപക്ഷ പ്രതിഷേധവും വകവെക്കാതെ പാർലമെൻറ് പാസാക്കിയ കാർഷിക ബിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഇരു സഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമമാക്കി വിജ്ഞാപനം ചെയ്തത്.
കാർഷികോൽപന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എന്നിവയാണ് രാഷ്ട്രപതി സ്ഥിരനിയമമാക്കിയത്. വിശദ പരിശോധന കൂടാതെ തിരക്കിട്ട് ബില്ലുകൾ ഇരു സഭകളിലും പാസാക്കിയതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. എൻ.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ മന്ത്രി രാജിവെക്കുകയും പാർട്ടി മുന്നണി വിടുകയും ചെയ്തിരുന്നു.
ബി.ജെ.പിക്ക് വൻ ഭൂരിപക്ഷമുള്ള ലോക്സഭയിൽ ബിൽ അനായാസം പാസായിരുന്നു. എന്നാൽ, ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടാനില്ലാത്ത രാജ്യസഭയിൽ ബിൽ പാസാക്കാൻ വോട്ടെടുപ്പു നടത്തണമെന്ന ആവശ്യം തള്ളിയത് വൻ എതിർപ്പുണ്ടാക്കി.
രാജ്യസഭയിൽ അസാധാരണവും നാടകീയവുമായ രംഗങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. വിവാദ ബില്ലുകളും പാർലമെൻറ് രേഖകളും സഭയിൽ കീറിയെറിയുകയും തൃണമൂൽ കോൺഗ്രസ് നേതാവ് ഡറിക് ഒബ്രിയൻ സഭയുടെ റൂൾബുക്ക് വലിച്ചുകീറി ഉപാധ്യക്ഷെൻറ മുഖത്തെറിയുകയും ചെയ്തിരുന്നു.
ചെറുകിട ഇടത്തരം കർഷകരുടെ ജീവനോപാധി തകർക്കുന്നതാണ് ബിൽ എന്നാണ് വിമർശനം. കരാർ കൃഷി പ്രോത്സാഹിപ്പിച്ച്, ഗ്രാമച്ചന്തകളും മിനിമം താങ്ങുവിലയും അപ്രസക്തമാക്കി, കോർപറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് കാർഷിക മേഖലയെ നയിക്കാൻ വഴിവെക്കുന്നതാണ് ബില്ലുകളെന്ന കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കർഷക പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.