ന്യൂഡൽഹി: ബി.ജെ.പി പിന്തുണ പിൻവലിക്കുകയും കാലാവധി പൂർത്തിയാക്കാതെ മഹ്ബൂബ മുഫ്തി മന്തിസഭ രാജിവെക്കുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുമ്പോൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിമാനത്തിൽ. ഗവർണർ ഭരണത്തിന് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന ഗവർണർ എൻ.എൻ.വോറ രാഷ്ട്രപതിക്ക് ശിപാർശ നൽകി മൂന്ന് മണിക്കൂറിനകം തന്നെ ശിപാർശ അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് റിപ്പോർട്ട് ഗവർണർ രാഷ്ടപതിക്ക് അയക്കുന്നത്. ഈ സമയം, രാഷ്ട്രപതി സുറിനാമിലേക്കുള്ള വിമാനയാത്രയിലായിരുന്നു. ഇതേതുടർന്ന് രാഷ്ട്രപതി ഭവൻ സുറിനാമിലേക്ക് റിപ്പോർട്ട് അയച്ചു നൽകുകയും പുലർച്ചെ ആറിന് തന്നെ റിപ്പോർട്ടിൽ രാഷ്ട്രപതി ഒപ്പ് വെക്കുകയും ചെയ്തു. 40 വർഷത്തെ കശ്മീരിെൻറ രാഷ്ട്രീയ ചരിത്രത്തിൽ എട്ടാം തവണയാണ് ഗവർണർ ഭരണം ഏർപ്പെടുത്തുന്നത്. നിലവിൽ മുഖ്യമന്ത്രിയായിരുന്ന മഹ്ബൂബ മുഫ്തിയുടെ പിതാവും പി.ഡി.പി നേതാവുമായിരുന്ന മുഫ്തി മുഹമ്മദ് സഇൗദിെൻറ സുപ്രധാന രാഷ്ട്രീയ നീക്കങ്ങളാണ് നേരത്തെ ഏഴു തവണയും ഗവർണർ ഭരണത്തിലെത്തിച്ചത്.
സഇൗദിെൻറ മരണത്തെ തുടർന്ന് 2016 ജനുവരി എട്ടിനായിരുന്നു ഇതിനു മുമ്പ് ഗവർണർ ഭരണത്തിന് വഴിയൊരുങ്ങിയത്. നാലുദിനം നീണ്ട ദുഃഖാചരണ ചടങ്ങിനുശേഷം പി.ഡി.പി-ബി.ജെ.പി സഖ്യം സർക്കാർ രൂപവത്കരണത്തെച്ചൊല്ലി തെറ്റിപ്പിരിഞ്ഞപ്പോഴായിരുന്നു ഇത്. ആദ്യമായി ഗവർണറുടെ ഭരണത്തിൻ കീഴിൽ കശ്മീർ വന്നത് 1977 മാർച്ച് 26നായിരുന്നു.
അതേസമയം, ഗവർണർ എൻ.എൻ.വോറയുടെ കാലാവധി ജൂൺ 27ന് അവസാനിക്കാനിരിക്കുകയാണ്. എന്നാൽ അമർനാഥ് യാത്രയുടെ പശ്ചാതലത്തിൽ അദ്ദേഹത്തിന്‍റെ കാലാവധി മൂന്ന് മാസമോ, ആറ് മാസമോ നീട്ടി നൽകാനും ഇടയുണ്ട്. അതിനായി കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.