ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ വാക്സിനേഷനിലൂടെ ഇന്ത്യ ശേഷി തെളിയിച്ചുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്ത് ജനസംഖ്യയുടെ 90 ശതമാനം ആദ്യ ഡോസ് വാക്സിനും 70 ശതമാനം രണ്ടാം ഡോസ് വാക്സിനും എടുത്തുവെന്ന് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ ഇരുസഭകളെയും സംയുക്തമായി അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.
അതേസമയം, തമിഴ്നാട് നിയമസഭ പാസാക്കിയ 'നീറ്റ് ബിൽ' ഗവർണർ ഒപ്പുവെക്കാത്തതിൽ തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ്, ഡി.എം.കെ അംഗങ്ങൾ രാഷ്ട്രപതി പ്രസംഗത്തിനായി എഴുന്നേറ്റപ്പോൾ പ്രതിഷേധിച്ച് ബഹളം വെച്ചു.ഒരു വർഷത്തിൽ താഴെ സമയംകൊണ്ട് 150 കോടി ഡോസ് വാക്സിൻ നൽകാനായെന്നും നൽകിയ ഡോസുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണെന്നും രാഷ്ട്രപതി തുടർന്നു.
കേന്ദ്ര സർക്കാർ പദ്ധതികളെ പ്രശംസിച്ച കോവിന്ദ് ജമ്മു-കശ്മീരിൽ വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിൽ മെച്ചപ്പെട്ട അവസരങ്ങൾ നൽകാൻ നടപടിയെടുത്തുവെന്നും അവകാശപ്പെട്ടു. മുത്തലാഖ് നിരോധനം നടപ്പാക്കിയതും മെഹ്റം ഇല്ലാതെ ഹജ്ജിന് പോകാൻ അനുവദിച്ചതും മുസ്ലിം സ്ത്രീകൾക്കായി കേന്ദ്ര സർക്കാർ കൈക്കൊണ്ട ക്ഷേമ നടപടികളാണ്. സ്കൂളുകളിൽനിന്ന് മുസ്ലിം പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞതും മോദി സർക്കാറിന്റെ ഭരണനേട്ടമായി അവതരിപ്പിച്ചു. 'പ്രധാൻമന്ത്രി സ്വനിധി യോജന' വഴി 28 ലക്ഷം തെരുവുകച്ചവടക്കാർക്ക് 2900 കോടിയുടെ സാമ്പത്തിക നേട്ടമുണ്ടായി.
സ്ത്രീശാക്തീകരണം കേന്ദ്ര സർക്കാറിന്റെ പ്രധാന മുൻഗണനകളിലൊന്നാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ വർഷം സേനയുടെ സ്ത്രീശാക്തീകരണം നിർണായകമായിരുന്നുവെന്നും സർവ സൈന്യാധിപൻ എന്ന നിലയിൽ അതിൽ താൻ സന്തുഷ്ടനാണെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. രാജ്യത്ത് ആകെയുള്ള 33 സൈനിക സ്കൂളുകളും പെൺകുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങി.
പുണെയിലെ ദേശീയ പ്രതിരോധ അക്കാദമി (എൻ.ഡി.എ)യിലേക്കുള്ള ആദ്യ ബാച്ചിനുള്ള പ്രവേശനം ജൂൺ 22ന് നടക്കും. കേന്ദ്ര സർക്കാറിന്റെ നയതീരുമാനംമൂലം 2014ലുള്ളതിനേക്കാൾ ഇരട്ടി സ്ത്രീകൾ രാജ്യത്തെ വിവിധ പൊലീസ് സേനകളിൽ ഇപ്പോഴുണ്ട്. ടോക്യോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഇന്ത്യയുടെ നേട്ടത്തെ രാഷ്ട്രപതി എടുത്തുപറഞ്ഞു.
നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കി നിയമസഭ പാസാക്കിയ ബിൽ തമിഴ്നാട് ഗവർണർ ഒപ്പുവെക്കാത്തതിലുള്ള പ്രതിഷേധം തമിഴ്നാട്ടിൽനിന്നുള്ള അംഗങ്ങൾ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രകടിപ്പിച്ചപ്പോൾ പ്രതിഷേധം ഗൗനിക്കാതെ രാഷ്ട്രപതി പ്രസംഗവുമായി മുന്നോട്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.