മുംബൈ: രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിൽ നിലപാട് തീരുമാനിക്കാൻ ശിവസേന ഇന്ന് ഉന്നതതലയോഗം ചേരും. കോവിന്ദിനെ സ്ഥാനാർഥിയായി നിശ്ചയിച്ചതിലുള്ള ദലിത് പ്രീണന നയത്തെ വിമർശിക്കുമ്പോഴും പാർട്ടിയുടെ പിന്തുണ ബി.ജെ.പി സ്ഥാനാർഥിക്കുതന്നെയെന്നാണ് ശിവസേന വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച രാത്രി നടന്ന പാർട്ടിയുടെ 51ാം സ്ഥാപകദിന പ്രസംഗത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു പാർട്ടി പറഞ്ഞത്. എന്നാൽ, ബി.ജെ.പിയുടെ ഏകപക്ഷീയ തീരുമാനത്തെയും ദലിത് രാഷ്ട്രീയ കളിയെയും രൂക്ഷമായി വിമർശിച്ച ഉദ്ധവ് നിലപാട് വ്യക്തമാക്കിയില്ല.
ഹിന്ദുത്വ ആശയക്കാരെ രാഷ്ട്രപതി ആക്കിയിരുന്നുവെങ്കിൽ എന്താണ് സംഭവിക്കുക എന്ന് ചോദിച്ച ഉദ്ധവ് ദലിതനെ രാഷ്ട്രപതിയാക്കുന്നതിലൂടെ രാഷ്ട്രീയമേ വികസിക്കൂ, നാട് വികസിക്കില്ലെന്നും പറഞ്ഞു. മത, ജാതീയ പ്രീണനമില്ലാതെ ഏതു വിഭാഗത്തിൽപെട്ടവനെ തെരഞ്ഞെടുത്താലും സേന പിന്തുണക്കുമായിരുന്നു -ഉദ്ധവ് പറഞ്ഞു.
എൻ.ഡി.എ സ്ഥനാനാർഥിക്ക് പിന്തുണ തേടി അമിത് ഷാ ഞായറാഴ്ച ഉദ്ധവിനെ ബാന്ദ്രയിലെ വസതിയിൽ പോയി കണ്ടിരുന്നു. സ്ഥാനാർഥിയെ അറിഞ്ഞ ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. സൂചന പോലും നൽകാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലുള്ള നീരസമാണു ഉദ്ദവിെൻറ പ്രതികരണത്തിലുള്ളത്. എന്നാൽ, വിമർശനങ്ങൾെക്കാടുവിൽ സേന എൻ.ഡി.എ സ്ഥാനാർഥിക്കുതന്നെ പിന്തുണ നൽകുമെന്നാണ് പാർട്ടിയിലെ ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.
എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനക്ക് മഹാരാഷ്ട്രയിൽ 63 എം.എൽ.എമാരും 18 ലോക്സഭാ എം.പിമാരും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ യു.പി.എ സ്ഥാനാർഥികളായ പ്രതിഭ പാട്ടീലിനെയും പ്രണബ് മുഖർജിയെയുമാണു സേന പിന്തുണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.