താനെ: ക്ഷേത്രത്തിലെത്തിയ യുവതിലെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. താനെയിലെ കല്യാൺ ശിൽഫതയിലെ ഘോൾ ഗണപതി ക്ഷേത്രത്തിൽ പൂജാരിയായെത്തിയ സന്തോഷ്കുമാർ രമ്യജ്ഞ മിശ്ര (45), സുഹൃത്ത് രാജ്കുമാർ റാംഫർ പാണ്ഡെ (54), ബാബ അറ്റോമിക് റിസർച്ച് സെന്ററിൽനിന്ന് (ബാർക്) വിരമിച്ച ജീവനക്കാരനായ ശ്യാംസുന്ദർ പ്യാർചന്ദ് ശർമ (62) എന്നിവരാണ് അറസ്റ്റിലായത്.
താനെയിലെ കല്യാൺ ശിൽഫതയിലെ ഘോൾ ഗണപതി ക്ഷേത്രത്തിൽ ജൂലൈ ആറിനാണ് സംഭവം. ക്ഷേത്രത്തിലെ പ്രധാന പൂജാരി മറ്റൊരു ക്ഷേത്രം സന്ദർശിക്കുന്നതിനായി ഉത്തർപ്രദേശിലേക്ക് പോകുന്നതിനാൽ ക്ഷേത്രവും ഗോശാലയും പരിപാലിക്കാൻ സന്തോഷ്കുമാർ രമ്യജ്ഞ മിശ്രയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ജൂലൈ അഞ്ചിനാണ് ഉത്തർപ്രദേശിലെ പ്രതാപ്ഗഢിലെ മറ്റൊരു ക്ഷേത്രം പരിപാലിക്കുന്ന മിശ്ര സുഹൃത്തും കർഷകനുമായ രാജ്കുമാർ റാംഫർ പാണ്ഡെക്കൊപ്പം മുംബൈയിൽ എത്തിയത്. ഇതിനിടെ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായിരുന്ന ശ്യാംസുന്ദർ പ്യാർചന്ദ് ശർമ ഇരുവരുമായി സൗഹൃദം സ്ഥാപിച്ചു.
കൊല്ലപ്പെട്ട യുവതി ജൂലൈ ആറിനാണ് ഭർത്താവും ഭർതൃമാതാവുമായി വഴക്കിട്ട് രാവിലെ ആറുമണിയോടെ വീടുവിട്ടിറങ്ങുന്നത്. രാവിലെ 10.30ഓടെ ഇവർ കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ഘോൾ ഗണപതി ക്ഷേത്രത്തിൽ എത്തി. മുഴുവൻ ദിവസവും ക്ഷേത്രത്തിൽ ചെലവിട്ട ഇവരെ മിശ്രയും പാണ്ഡെയും ശ്രദ്ധിച്ചിരുന്നു. ഇതോടെ തന്റെ കൈവശമുള്ള കഞ്ചാവ് ചായയിൽ കലർത്തി നൽകി ഇവരെ ബലാത്സംഗംചെയ്യാനുള്ള പദ്ധതി മിശ്ര തയാറാക്കുകയായിരുന്നു. ഇതിനായി ശർമയെയും ഇയാൾ വിളിച്ചുവരുത്തി. തുടർന്ന് യുവതിയെ ചായകുടിക്കാൻ ക്ഷണിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ യുവതിയെ ക്ഷേത്രത്തിന്റെ സ്റ്റോർ റൂമിൽ മൂന്നുപേരും ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഷിൽ ദായിഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ സന്ദീപൻ ഷിൻഡെ പറഞ്ഞു. മണിക്കൂറുകൾക്കുശേഷം േബാധം തെളിഞ്ഞ യുവതി നിലവിളിച്ചതോടെ പ്രതികൾ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതശരീരം സ്റ്റോർ റൂമിൽ സൂക്ഷിച്ചു. ജൂലൈ എട്ടിന് മൃതദേഹം കുന്നിൻചെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. ജൂലൈ ഒമ്പതിന് ക്ഷേത്രത്തിലെത്തിയയാൾ മൃതദേഹം കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ പാണ്ഡെയെയും മിശ്രയെയും ക്ഷേത്രത്തിൽനിന്നുതന്നെ പൊലീസ് അറസ്റ്റുചെയ്തു. ഇവിടന്ന് കടന്നുകളഞ്ഞ ശർമയെ ട്രോംബെയിൽ നിന്നാണ് പിടികൂടിയത്. യുവതി രാവിലെ 10.30ഓടെ ക്ഷേത്രത്തിലെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, വൈകുന്നേരത്തെ ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. മിശ്രയാണ് സി.സി.ടി.വി കേബിളുകൾ വിച്ഛേദിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.