‘പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല'; സത്യപാൽ മാലികിന്റെ ആരോപണം പങ്കുവെച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ ട്വിറ്ററിൽ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല' എന്ന കുറിപ്പോടെ ‘ദി വയറി’ന്റെ വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്. ട്വീറ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്.

കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിലും പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സത്യപാൽ മാലികിന്റെ അഭിമുഖത്തിന്റെ വിഡിയോ പങ്കുവെച്ചായിരുന്നു വിമർശനം. ‘പുൽവാമ ആക്രമണവും 40 ധീരന്മാരുടെ രക്തസാക്ഷിത്വവും നിങ്ങളുടെ സർക്കാരിന്റെ തെറ്റ് കൊണ്ട് സംഭവിച്ചതാണ്. നമ്മുടെ ജവാന്മാർക്ക് വിമാനം ലഭിച്ചിരുന്നെങ്കിൽ ഭീകരരുടെ ഗൂഢാലോചന പരാജയപ്പെടുമായിരുന്നു. ഈ തെറ്റിന് നിങ്ങൾ നടപടിയെടുക്കണം. നിങ്ങൾ ഈ കാര്യം മൂടിവെക്കുക മാത്രമല്ല സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. പുൽവാമയെക്കുറിച്ചുള്ള സത്യപാൽ മാലിക്കിന്റെ പ്രസ്താവന കേട്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം’ എന്നിങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുള്ള ട്വീറ്റ്.

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നുമായിരുന്നു സത്യപാൽ മാലിക് ‘ദി വയറി’നോട് വെളിപ്പെടുത്തിയത്. ജവാന്മാരെ കൊണ്ടുപോകാൻ സി.ആർ.പി.എഫ് വിമാനം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പുൽവാമ ആക്രമണം നടന്നയുടൻ മോദി വിളിച്ചപ്പോൾ ഈ വീഴ്ചകളെ കുറിച്ച് അറിയിച്ചിരുന്നു. എന്നാൽ, എല്ലാം മറച്ചുവെക്കണമെന്നും ആരോടും പറയരുതെന്നുമാണ് നിർദേശിച്ചത്. മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇതുതന്നെ നേരിട്ട് ആവശ്യപ്പെട്ടു. പാകിസ്താനെ പഴിച്ച് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കലായിരുന്നു ലക്ഷ്യമെന്ന് തനിക്ക് മനസ്സിലായെന്നും സത്യപാൽ മാലിക് അഭിമുഖത്തിൽ വെളിപ്പെടുത്തി.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സി.ആർ.പി.എഫ്‌ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 40 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം.

ദേശീയപാത 44ൽ അവന്തി പുരക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 40 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആക്രമണത്തിന്റെ 12-ാം ദിനം പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തിരുന്നു.

Tags:    
News Summary - 'Prime Minister doesn't hate corruption that much'; Rahul Gandhi shares Satyapal Malik's allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.