ന്യൂഡൽഹി: രണ്ടു മാസമായി കലാപം കത്തിയാളുന്ന മണിപ്പൂരിന്റെ കാര്യത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമ കമീഷൻ വീണ്ടും പൊതുജനാഭിപ്രായം തേടിയ ഏക സിവിൽ കോഡിനെക്കുറിച്ച് വാചാലൻ. രണ്ടിനുമിടയിൽ പച്ചയായി തെളിച്ചത് വോട്ടു രാഷ്ട്രീയത്തിലെ കണ്ണ്.
മൗനം വെടിഞ്ഞ് മണിപ്പൂർ ജനതക്ക് സമാശ്വാസത്തിന്റെ വാക്ക് രാഷ്ട്രനേതാവ് നൽകണമെന്ന മുറവിളി ഏറെ നാളായി ഉണ്ടെങ്കിലും അത് അവഗണിക്കുകയാണ് മോദി ഇതുവരെ ചെയ്തത്. മണിപ്പൂർ വിഷയം ചർച്ചചെയ്യാൻ വിളിച്ച സർവകക്ഷി യോഗവും കാര്യമാക്കിയില്ല. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞിട്ടും ‘രാജധർമം’ ഉപദേശിച്ച് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിർത്താനും നടപടിയൊന്നുമില്ല.
പ്രതിപക്ഷത്തിന്റെ മുറവിളി ബാക്കി. അമേരിക്ക, ഈജിപ്ത് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പാടേ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു മോദി. ഈ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനങ്ങളിലൊന്നാണ് മോദി ഏക സിവിൽ കോഡ്, മുത്തലാഖ്, പ്രതിപക്ഷ ഐക്യ പ്രഭാഷണങ്ങൾ നടത്തിയ മധ്യപ്രദേശ്. ഏക സിവിൽ കോഡ് നിയമ കമീഷനിലൂടെ വീണ്ടും ചർച്ചക്കെടുത്തതിന്റെ രാഷ്ട്രീയ താൽപര്യവും ഇതോടെ മറനീക്കി.
ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ഏക സിവിൽ കോഡിനു വേണ്ടിയുള്ള ബിൽ പാർലമെന്റിൽ സർക്കാർ എത്തിക്കുമോ എന്ന് ഉറപ്പായിട്ടില്ല. ജനാഭിപ്രായം തേടിയ ശേഷം നിയമ കമീഷന്റെ അഭിപ്രായം നിയമ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്.തുടർന്നാണ് ഈ വഴിക്ക് നീങ്ങാൻ സർക്കാറിന് കഴിയുക. മോദി സർക്കാറിന്റെ രണ്ടാമൂഴത്തിൽ ബാക്കിയുള്ളത് മൂന്ന് പാർലമെന്റ് സമ്മേളനങ്ങളാണ് -മഴക്കാല, ശീതകാല, ബജറ്റ് സമ്മേളനങ്ങൾ. നിയമ കമീഷന്റെ റിപ്പോർട്ട് ഏറ്റവും വേഗത്തിൽ കിട്ടിയാൽ ശീതകാല സമ്മേളനത്തിൽ തിരക്കിട്ട് ബിൽ കൊണ്ടുവരാൻ സർക്കാർ പരിശ്രമിച്ചേക്കും.
എന്നാൽ, ശക്തമായ അഭിപ്രായ വ്യത്യാസങ്ങളാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. വിവിധ സമുദായങ്ങൾക്ക് എതിർപ്പാണെന്നു മാത്രമല്ല, ഹിന്ദു സമുദായത്തിൽപോലും ഏക സിവിൽ കോഡിന്റെ കാര്യത്തിൽ ഏകാഭിപ്രായമില്ല.പിന്നാക്ക-ഗോത്ര വർഗ വിഭാഗങ്ങളും എതിര്. ഇതിനിടയിൽ ഏക സിവിൽ കോഡ് നടപ്പാവുമോ എന്ന സംശയമാണ് നിലനിൽക്കുന്നത്. രാഷ്ട്രീയ ഗോദയിൽ ചർച്ചയാക്കി മാറ്റാനെങ്കിലും കഴിഞ്ഞാൽ വിജയിച്ചുവെന്നാണ് സർക്കാർ കാണുന്നത്. ഐക്യത്തിന് ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാമെന്നും കണക്കുകൂട്ടുന്നു.
ഏക സിവിൽ കോഡ് ഹിന്ദു സമുദായത്തിൽ ആദ്യം നടപ്പാക്കി കാണിക്കാൻ ഡി.എം.കെ വെല്ലുവിളിച്ചു. രാജ്യത്തെ എല്ലാ ക്ഷേത്രത്തിലും പട്ടികജാതി-പട്ടിക വർഗത്തിൽപെട്ടവർക്ക് അടക്കം പൂജചെയ്യാൻ അവസരം നൽകട്ടെ.എല്ലാ സമുദായങ്ങൾക്കും ഭരണഘടന സംരക്ഷണം നൽകുന്നതുകൊണ്ട് ഏക സിവിൽ കോഡ് ആവശ്യമില്ലെന്നും ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.