അഹമ്മദാബാദ്: ബലാത്സംഗ ശ്രമം എതിർത്തതിനെ തുടർന്ന് ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ സ്‌കൂൾ പ്രിൻസിപ്പൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം സ്കൂൾ പരിസരത്ത് ഉപേക്ഷിച്ചു. സംഭവത്തിൽ 55 കാരനായ ഗോവിന്ദ് നട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ് വയസുകാരിയുടെ മൃതദേഹം സ്കൂൾ പരിസരത്ത് വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തിയതായി മുതിർന്ന പൊലീസ് ഓഫിസർ രാജ്ദീപ് സിങ് ജാല പറഞ്ഞു. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
എല്ലാ ദിവസവും പ്രിൻസിപ്പലിനൊപ്പമാണ് കുട്ടി സ്‌കൂളിൽ പോയിരുന്നതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവം നടന്ന ദിവസം പെൺകുട്ടിയെ സ്‌കൂളിൽ വിട്ട് അത്യാവശ്യകാര്യത്തിനായി താൻ പുറത്ത് പോയിരുന്നതായാണ് പ്രിൻസിപ്പലിന്റെ വാദം.
പരിശോധനയിൽ ഇയാൾ അന്ന് വൈകിയാണ് സ്‌കൂളിലെത്തിയതെന്നും കണ്ടെത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
രാവിലെ 10.20 ഓടെയാണ് പ്രതി പെൺകുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. സ്‌കൂളിലേക്കുള്ള വഴിയിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഭയന്ന് നിലവിളിക്കാൻ തുടങ്ങിയ പെൺകുട്ടിയെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹവുമായി കാറിൽ സ്കൂളിലെത്തിയ പ്രിൻസിപ്പൽ വൈകീട്ട് കെട്ടിടത്തിന് പിന്നിലേക്ക് വലിച്ചെറിഞ്ഞു. കുട്ടിയുടെ സ്കൂൾ ബാഗും ഷൂവും ക്ലാസ്മുറിക്ക് പുറത്തു കൊണ്ടിടുകയും ചെയ്തു. സംഭവത്തിൽ പോക്‌സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചാർത്തി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.