പ്രിയങ്ക ഗാന്ധി

കേന്ദ്ര ഏജൻസികളെ ഭയന്ന് എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയുമായി കൂട്ടുകൂടുന്നു -പ്രിയങ്ക ഗാന്ധി

ലഖ്നോ: കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയും ബി.ജെ.പിക്കെതിരെ പോരാടുന്നതിന് പകരം കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെ ഭയന്ന് കാവി പാർട്ടിയുമായി കൂട്ടുകൂടുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിലെ സിദ്ധാർത്ഥനഗറിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് പ്രിയങ്കയുടെ ആരോപണം.

തൊഴിൽ നൽകി ജനങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിന് പകരം സൗജന്യ റേഷനിൽ അവരെ ആശ്രിതരാക്കുക മാത്രമാണ് ബി.ജെ.പി ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പോരാടുന്നത് കോൺഗ്രസ് മാത്രമാണെന്നും എസ്.പിയും, ബിഎസ്.പിയും, ബി.ജെ.പിയുമായി കൂട്ടുകൂടി ജാതി-മത കാർഡുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് കരുതുന്നതെന്നും ജനങ്ങൾക്ക് തൊഴിൽ നൽകാനോ കാർഷിക മേഖലയെയോ സ്ത്രീകളെയോ ശക്തിപ്പെടുത്താൻ വേണ്ടി ഇതുവരെ ഒന്നും ചെയ്യാത്തവർ ഇപ്പോഴും വിജയം ഉറപ്പാണെന്ന് അവകാശവാദമുന്നയിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) ദേശീയ പൗരത്വ രജിസ്ട്രേഷനുമെതിരായ (എൻ.ആർ.സി) പ്രതിഷേധങ്ങൾക്കിടയിലുണ്ടായ മരണങ്ങളും, ഹത്രാസും, ലഖിംപൂർ ഖേരി വിഷയവുമുൾപ്പടെ പ്രസംഗത്തിൽ പരാമർശിച്ച പ്രിയങ്ക എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ഇരകളെ സന്ദർശിക്കാനോ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനോ തയ്യാറായിട്ടില്ലെന്നും ബി.എസ്.പി അധ്യക്ഷ മായാവതി വീടിന് പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഇരുവരും പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുക്കിയപ്പോൾ കോൺഗ്രസ്സ് മാത്രമാണ് അവരെ ഓർത്തതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചാൽ ബി.ജെ.പിക്കെതിരെ പോരാടുമെന്ന തരത്തിൽ ജനങ്ങൾക്കിടയിൽ തെറ്റായ ധാരണയുണ്ടാക്കുകയാണെന്നും എന്നാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദി ഗവൺമെന്‍റ് അവരെ വീണ്ടും മൂലക്കിരുത്തുക മാത്രമാണുണ്ടാവുകയെന്നും പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നൽകി.

ജനങ്ങളുടെ ജാതിയെയും മതത്തെയും കുറിച്ച് സംസാരിക്കുന്നവർക്ക് വോട്ട് നൽകാതെ എല്ലാവരും അവരുടെ ഉന്നമനത്തിന് വേണ്ടി ജാതി മത ഭേദമന്യേ വോട്ട് ചെയ്യണമെന്നഭ്യർത്ഥിച്ച കോൺഗ്രസ് നേതാവ് പൊതുവേദികളിൽ പാകിസ്ഥാനും, ഭീകരവാദവും, റഷ്യ- യുക്രെയ്ൻ വിഷയവും സംസാരിക്കുന്നവർ ഇത്തരം വിഷയങ്ങൾ ജനങ്ങൾക്ക് ഉപജീവനം നേടി കൊടുക്കുക്കില്ലെന്ന് മനസ്സിലാക്കണമെന്നും കൂട്ടിച്ചേർത്തു.

ജാതി മത ഭേദമന്യേ കോൺഗ്രസ് പാർട്ടി മാത്രമാണ് ജനങ്ങൾക്കായി തെരുവിലിറങ്ങി പോരാടിയതെന്നും ബി.ജെ.പി ഉൾപ്പടെയുള്ള പാർട്ടികൾ ജാതി കാർഡുകളിറക്കുമ്പോൾ നിങ്ങളവർക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതിനാലാണ് അവരതൊരു ശീലമാക്കിയതെന്നും ആ ശീലം നിങ്ങൾ തന്നെ മാറ്റി കൊടുക്കണമെന്നും പ്രിയങ്ക ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - Priyanka Gandhi alleged SP and BSP in cahoots with BJP, fear Central agencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.