ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് എം.എൽ.എ ബലാത്സംഗത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബലാത്സംഗം തടുക്കാനാകാത്ത സാഹചര്യമാണെങ്കിൽ ആസ്വദിക്കുക എന്നായിരുന്നു മുൻ സ്പീക്കർ കൂടിയായ കെ.ആർ. രമേഷ് കുമാറിന്‍റെ പരാമർശം. ഇത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത പരാമർശമാണെന്ന് പ്രിയങ്ക പറഞ്ഞു.
'കെ.ആർ. രമേഷ് കുമാർ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നു. എങ്ങനെയാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ സാധിക്കുന്നത്? ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. ബലാത്സംഗം ഹീന്മായ കുറ്റകൃത്യമാണ്' -പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
രമേശ് കുമാറിന്‍റെ വിവാദ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും രംഗത്തെത്തിയിരുന്നു. രമേഷ് കുമാറിന്‍റെ ആക്ഷേപകരവും വിവേകശൂന്യവുമായ പരാമർശത്തെ േകാൺഗ്രസ് പാർട്ടി ഒരിക്കലും അംഗീകരിക്കില്ലെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം.
നിയമസഭയിൽ എം.എൽ.എ നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനുപിന്നാലെ രമേഷ് കുമാർ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.
'ബലാത്സംഗത്തെ കുറിച്ച് ഞാൻ നടത്തിയ ഉദാസീനവും അശ്രദ്ധവുമായ അഭിപ്രായത്തിന് എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ ഉദ്ദേശം ക്രൂരമായ കുറ്റകൃത്യത്തെ നിസാരമാക്കുകയായിരുന്നില്ല. ഇനി മുതൽ ഞാൻ വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കും' -രമേഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.