കസ്റ്റ‍ഡിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദർശിക്കാൻ അനുമതി തേടിയില്ലെന്ന്​ യു.പി പൊലീസ്​; പ്രിയങ്ക ഗാന്ധിയെ വീണ്ടും വഴിതടഞ്ഞു

ലക്​നോ: കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശ്​ ​പൊലീസ്​ വീണ്ടും തടഞ്ഞു. പൊലീസ്​ കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാനായി ആഗ്രയിലേക്ക്​ നീങ്ങവെയാണ്​ പൊലീസ്​ വഴി തടഞ്ഞത്​. ഒരു മാസത്തിനിടക്ക്​ ഇതു രണ്ടാം തവണയാണ്​ പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ്​ തടഞ്ഞുവെക്കുന്നത്​. നേരത്തെ കർഷകരെ കാർ ഇടിച്ചുകൊന്ന ലഖിംപൂരിലേക്കുള്ള യാത്രക്കിടെയും പൊലീസ്​ തടഞ്ഞിരുന്നു.

ലക്​നോ-ആഗ്ര എക്​സ്​പ്രസ്​ ഹൈവേയിലെ ടോൾ പ്ലാസയിലാണ്​ കോൺഗ്രസ്​ നേതാവിനെ തടഞ്ഞ്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാറ്റിയത്​. നേരത്തേ അനുമതി വാങ്ങാത്തതിനാലാണു പ്രിയങ്കയെ തടഞ്ഞതെന്നാണു യു.പി പൊലീസിന്‍റെ വിശദീകരണം.

ലഖിംപുർ‌ സംഭവത്തില്‍ മരിച്ച കർഷകരുടെ കുടുംബങ്ങളെ കാണുന്നതിൽനിന്നും ഉത്തർപ്രദേശ് സർക്കാർ പ്രിയങ്കയെ തടഞ്ഞിരുന്നെന്നും ഇപ്പോൾ പൊലീസ് കസ്റ്റ‍ഡിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണാനും അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

'' ഞാൻ വീട്ടിലാണ്ടെങ്കിൽ പ്രശ്​നമില്ല, എന്‍റെ ഓഫിസിലേക്ക്​ പോകുകയാണെങ്കിലും പ്രശ്​നമില്ല. എന്നാൽ, ​മറ്റെവിടെയെങ്കിലും പോയാൽ ഇവർ ഈ 'തമാശ' തുടരുന്നു. എന്താണിത്​? തീർത്തും പരിഹാസ്യമാണ്​ നടക്കുന്നത്​. ഞാൻ താമസിയാതെ ആ കുടും​ബത്തെ സന്ദർശിക്കും'' പിയങ്ക ഗാന്ധി പറഞ്ഞു.

പൊലീസ് സ്റ്റേഷൻ വൃത്തിയാക്കാൻ കയറിയ അരുൺ എന്നയാളെ അവിടെനിന്ന് പണം മോഷ്ടിച്ചെന്ന്​ ആരോപിച്ച്​ പൊലീസ്​ കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസുകാരുടെ മർദ്ദനമേറ്റ ഇയാൾ പിന്നീട്​ ആശുപത്രിയിൽ മരിക്കുകയായിരുന്നു. 

Tags:    
News Summary - Priyanka Gandhi Detained On Way To Home Of UP Man Who Died In Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.