ഷിംല: ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. സോലനിലെ തോഡോ മൈതാനത്ത് സംഘടിപ്പിച്ച പരിവർത്തൻ പ്രതിജ്ഞ റാലിയിലാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി തുടക്കം കുറിച്ചത്.
ഹിമാചലിൽ കോൺഗ്രസ് സർക്കാർ രുപീകരിച്ച ശേഷം ആദ്യം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഒരു ലക്ഷം സർക്കാർ ജോലി, പഴയ പെൻഷൻ പദ്ധതി (ഒ.പി.എസ്) നടപ്പാക്കൽ എന്നീ കാര്യങ്ങളിൽ പ്രഖ്യാപനം നടത്തുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹിമാചലിലെ ജനങ്ങൾ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
പെൻഷൻ നൽകാൻ ബി.ജെ.പിക്ക് പണമില്ല, പക്ഷേ അവർക്ക് അവരുടെ വൻകിട വ്യവസായികളുടെ വായ്പ എഴുതിത്തള്ളാൻ കഴിയും. അവർക്ക് യുവാക്കളും ജീവനക്കാരും സ്ത്രീകളും ഒന്നുമല്ല. കഴിഞ്ഞ അഞ്ച് വർഷമായി സർക്കാർ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽ കണ്ട് ഹിമാചലിലെ ഉന, ചമ്പ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. കൂടാതെ, ഉനയിൽ നിന്നുള്ള വന്ദേഭാരത് എക്സ്പ്രസിന്‍റെ നാലാമത് ട്രെയിൻ സർവീസിന് തുടക്കം കുറിച്ച മോദി, നിരവധി പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.