ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാറിനെ 'വിവേകമില്ലാത്ത സർക്കാർ' എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന യോഗിയുടെ പരാമർശത്തിനെതിരെയാണ് വിമർശനം.
വിവേകമില്ലാത്ത സർക്കാറാണ് ഇത്തരമൊരു പരാമർശനം നടത്തുകയെന്ന് പറഞ്ഞ അവർ, ഈ പ്രതിസന്ധി ഘട്ടത്തിൽ നുണ പറയുന്നവർക്ക് എന്ത് ശിക്ഷയാണ് നൽകേണ്ടതെന്നും ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ഈ പ്രതിസന്ധി ഘട്ടത്തിൽ പൊതുജനങ്ങളോട് നുണ പറയുന്നവർക്ക് എന്ത് ശിക്ഷ നൽകണം. ഓക്സിജൻ സൗകര്യമില്ലാത്തതിനാൽ പ്രവേശനം ലഭിക്കുന്നില്ലെന്ന് പറയുന്ന ആ രോഗികളുടെ സ്ഥാനത്ത് നിങ്ങളെ ചിന്തിച്ചുനോക്കൂ. ഒരു വിവേകമില്ലാത്ത സർക്കാറിന് മാത്രമേ ഇത്തരം പ്രസ്താവനകൾ നടത്താൻ കഴിയൂ -പ്രിയങ്ക കുറിച്ചു.
ഓക്സിജൻ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാൻ യോഗി സർക്കാർ ഉത്തവിട്ടതിനെതിരെയും പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഉത്തർപ്രദേശിലെ എല്ലായിടത്തും ഓക്സിജൻ ദൗർലഭ്യമുണ്ട്. നിങ്ങൾ എന്‍റെ പേരിൽ കേസെടുത്തോളൂ, സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യൂ. എന്നാൽ ദൈവത്തെയോർത്ത് സംഭവത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നടപടിയെടുക്കൂവെന്നും പ്രിയങ്ക ഗാന്ധി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുക്കെട്ടുമെന്ന് യോഗി ആദിത്യനാഥ് അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ച നിർദേശം അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. കോവിഡ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ യു.പിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യോഗിയുടെ നീക്കം. ആശുപത്രികളിൽ ഒാക്സിജൻ ക്ഷാമമില്ലെന്ന് തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കായി അനുവദിച്ച ഒാൺലൈൻ യോഗത്തിൽ യോഗി പറഞ്ഞിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി സർക്കാറിന്‍റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നില്ല. പ്രശ്‌നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.