കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: സംഘർഷത്തിന് അയവില്ല, നിരോധനാജ്ഞ

കൊൽക്കത്ത: കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചിമബംഗാളിലെ കലിയഗഞ്ചിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തർ ദിനാജ്പൂർ ജില്ലയിലെ കലിയഗഞ്ചിന്റെ വിവിധ ഭാഗങ്ങളിലാണ് സി.ആർ.പി.സി സെക്ഷൻ 144 പ്രകാരം രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ. ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോയുടെ നേതൃത്വത്തിൽ മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

വെളളിയാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കലിയഗഞ്ചിലെ കുളത്തിന് സമീപത്ത് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കാനായി പൊലീസ് എത്തിയപ്പോൾ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആൾക്കൂട്ടം അവർക്കെതിരെ കല്ലെറിയുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ വലിയ ഏറ്റുമുട്ടലാണുണ്ടായത്.

ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷാവസ്ഥ ലഘൂകരിക്കാൻ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചെങ്കിലും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകന്ത മജുംദാർ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇരയുടെ കുടുംബത്തെ കാണാൻ പശ്ചിമബംഗാൾ പൊലീസ് അനുവദിച്ചില്ലെന്ന് ആരോപണം ബി.ജെ.പിയും ഉയർത്തിയിട്ടുണ്ട്.

അതേസമയം, പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ മുറിവുകളൊന്നുമില്ലെന്ന് ഉത്തർ ദിനാജ്പൂർ പൊലീസ് സൂപ്രണ്ട് എം.ഡി സന അക്തർ പറഞ്ഞു. ഐ.പി.സി സെക്ഷൻ 302 (കൊലപാതകം), പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - Prohibitory orders imposed in Bengal's Kaliaganj after protests over girl's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.