അഹ്മദാബാദ്: ഗുജറാത്തിലെ വൽസാദ് കപ്രദ ഗ്രാമത്തിൽ ക്രിസ്ത്യൻ പള്ളി നിർമിക്കുന്നതിനെതിരെ പ്രതിഷേധം. ക്രിസ്തുമത വിശ്വാസികൾ ഇല്ലാത്ത പഞ്ചായത്തിൽ ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ചർച്ച് നിർമാണമെന്ന് ആരോപിച്ചാണ് പ്രദേശവാസികളിൽ ഒരുസംഘം രംഗത്തുവന്നത്.
ചർച്ചിനെതിരെ ഗ്രാമപഞ്ചായത്ത് സർപഞ്ചിന്റെ നേതൃത്വത്തിൽ കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിർമാണപ്രവൃത്തികൾ നടക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.
വനം വകുപ്പിൽ ജോലി ചെയ്യുന്ന ഗ്രാമവാസിയായ ചന്ദർഭായ് ചൗധരിയാണ് നിർമാണപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. താൻ ക്രിസ്ത്യാനിയാണെന്നാണ് ഇദ്ദേഹം പറയുന്നതെന്നും എന്നാൽ രേഖകളിൽ ഹിന്ദുവാണെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
ദരിദ്രരായ ഗ്രാമീണരെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു, ഹിന്ദു ദൈവങ്ങളെയും ദേവതകളെയും കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങൾ പറയുന്നു തുടങ്ങിയ ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. നിർമ്മാണത്തിനുള്ള ഫണ്ട് സംബന്ധിച്ചും ഇവർ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.