ചെന്നൈ: സ്കൂൾ കുട്ടികൾക്കായി നടപ്പാക്കിയ പ്രഭാത ഭക്ഷണ പദ്ധതിയെ അധിക്ഷേപിച്ച ദിനമലർ പത്രത്തിനെതിരെ തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധം. വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ ദിനമലർ പത്രം കത്തിച്ചു. പത്രത്തിെന്‍റ ബോർഡുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു. പത്രത്തിനെതിരെ മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രിമാരുമടക്കം പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
പ്രൈമറി സ്കൂൾ കുട്ടികൾക്കായുള്ള സംസ്ഥാന സർക്കാറിന്‍റെ പ്രഭാതഭക്ഷണ പദ്ധതി അടുത്തിടെയാണ് തമിഴ്നാട് സർക്കാർ വിപുലീകരിച്ചത്. 31,008 സ്കൂളുകളിലെ 17 ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയെ ആണ് പത്രം പരിഹസിച്ചത്. പദ്ധതി നടപ്പാക്കിയതോടെ സ്കൂൾ കക്കൂസുകൾ നിറഞ്ഞൊഴുകുകയാണെന്നാണ് പത്രം വാർത്ത നൽകിയത്.
സംഘ്പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന പത്രം പ്രഭാത ഭക്ഷണ പദ്ധതിക്കെതിരെ ഒന്നാം പേജിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. വീട്ടിൽനിന്നും കഴിച്ച ശേഷം സ്കൂളിലെത്തിയും ഭക്ഷണം കഴിക്കുന്നതിനാൽ കുട്ടികൾക്ക് ശുചിമുറി കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നെന്ന് വാർത്തയിൽ പറയുന്നു. വിദ്യാർഥികൾക്ക് വീട്ടിൽനിന്ന് ഭക്ഷണം കൊടുക്കാതെ സ്കൂളിലേക്ക് വിടണമെന്ന ത്രിച്ചിയിലെ സ്കൂൾ അധികൃതരുടെ ആവശ്യവും വാർത്തയിൽ പറഞ്ഞിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധമുയരുകയുമായിരുന്നു.
പത്രത്തിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രനിലേക്ക് ചന്ദ്രയാൻ പോകുന്ന ഈ കാലത്ത് സനാതന ധർമക്കാർ ഇങ്ങനെ തലക്കെട്ട് ഇട്ടുവെങ്കിൽ നൂറ്റാണ്ട് മുമ്പ് ഇവർ എന്തെല്ലാം കളി കളിച്ചിട്ടുണ്ടാകുമെന്ന് സമൂഹമാധ്യമമായ എക്സിൽ എഴുതിയ കുറിപ്പിൽ സ്റ്റാലിൻ ചോദിച്ചു.
‘‘ഉഴുവാൻ ഒരു കൂട്ടർ, ഉണ്ടുകൊഴുക്കാൻ മറ്റൊരു കൂട്ടർ എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സമൂഹനീതിക്കായി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം. ശൂദ്രന് എന്തുകൊടുത്താലും വിദ്യാഭ്യാസം മാത്രം കൊടുക്കരുത് എന്ന തത്വം തകർത്താണ് ദ്രാവിഡ പ്രസ്ഥാന ഭരണം വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്. ചന്ദ്രനിലേക്ക് ചന്ദ്രയാൻ പോകുന്ന ഈ കാലത്ത് സനാതന ധർമക്കാർ ഇങ്ങനെ തലക്കെട്ട് ഇട്ടുവെങ്കിൽ നൂറ്റാണ്ടു മുമ്പ് ഇവർ എന്തെല്ലാം കളി കളിച്ചിട്ടുണ്ടാകണം? അന്ന് കീഴാളന്‍റെ അവസ്ഥ എന്തായിരുന്നിരിക്കണം? ഇക്കൂട്ടരുടെ അക്രമം ഇന്നും തീർന്നിട്ടില്ല’’ -ഇതായിരുന്നു സ്റ്റാലിന്‍റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.