മലബാർ സ്വാതന്ത്ര്യ സമര പോരാളികളെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവിൽ നിന്ന്​ നീക്കാനുള്ള ശ്രമത്തിനെതിരെ മുസ്‌ലിം ലീഗ് എം.പിമാർ നടത്തിയ പ്രതിഷേധ ധർണ

മലബാർ സമര നായകർക്കായി ലീഗ്​ എം.പിമാർ ഗാന്ധി പ്രതിമക്ക്​ മുന്നിൽ; ശൂന്യവേളയിൽ സഭയിൽ വിഷയം ഉന്നയിച്ച്​ എ.എം ആരിഫ്

ന്യൂഡൽഹി: മലബാർ സമര പോരാളികളെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവിൽ നിന്ന്​ നീക്കം ചെയ്യാനുള്ള ഐ.സി.എച്ച്.ആറിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് എം. പിമാർ ഗാന്ധി പ്രതിമക്കു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. മുസ്‌ലിം ലീഗ് പാർലമെന്‍ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി, എം.പി മാരായ പി.വി. അബ്ദുൽ വഹാബ്, ഡോ എം.പി. അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവരാണ് പ്രതിഷേധിച്ചത്.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ വക്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് എം.പി മാർപറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ തമസ്‌ക്കരിക്കുകയാണ്. ചരിത്രകാരൻ എം.ജി.എസ് നാരായണൻ ചൂണ്ടിക്കാണിച്ചതുപോലെ മലബാർ സമരത്തെ വർഗീയവത്കരിക്കുന്നതും അവരെ ചരിത്രത്തിൽ തെറ്റായി വ്യാഖ്യാനിക്കുന്നതും രാഷ്ട്രീയ ലക്ഷ്യം കൊണ്ടു മാത്രമാണ്. ഇതിനെ ശക്​തമായി എതിർക്കുമെന്നും എം.പിമാർ പറഞ്ഞു.

അതേസമയം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ ഉൾപ്പെടെയുള്ള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്നും ഒഴിവാക്കരുതെന്ന് സി.പി.എം എം.പി എ.എം ആരിഫ് ​​ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. ഇവരടക്കം 387 നേതാക്കളെ നിഘണ്ടുവിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നത്​ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ ചരിത്ര കൗൺസിലിന്​ നിർദേശം നൽകണമെന്ന് എ എം ആരിഫ് ആവശ്യപ്പെട്ടു.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി മലബാർ സമരത്തെ രണ്ടു മതങ്ങളുടെ സംഘർഷമായി കാണരുത്​. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മൃതദേഹം സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രചോദനം ആകും എന്ന് കരുതി ബ്രിട്ടീഷുകാർ ദഹിപ്പിക്കുകയും ചാരം പോലും നശിപ്പിക്കുകയും ചെയ്തു. എന്നിട്ടുപോലും കുഞ്ഞമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങിയ നേതാക്കളുടെ ഓർമ്മകൾ ബ്രിട്ടീഷുകാർക്ക് നശിപ്പിക്കാനായില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആയിരക്കണക്കിന് ധീരരായ രക്തസാക്ഷികളുടെ ത്യാഗങ്ങളാൽ അലങ്കരിക്കപ്പെട്ടതാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്, അതുകൊണ്ടു മതം മാത്രം അടിസ്ഥാനമാക്കി ചിലരെ നീക്കം ചെയ്യുന്നത് അംഗീകരിക്കാനാവില്ല എന്നും എം.പി ലോക്സഭയിൽ പറഞ്ഞു.



Tags:    
News Summary - protest at delhi for malabar rebellion leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.