ലുലു മാളിനുമുന്നിൽ പ്രതിഷേധം; ഹിന്ദു മഹാസഭ ഭാരവാഹികൾ കസ്റ്റഡിയിൽ

ലഖ്‌നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളിനെതിരായ വിദ്വേഷ പ്രചരണവും പ്രതിഷേധവും തുടരുന്നു. മാളിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ച ഹിന്ദു മഹാസഭ ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാവി പതാകകള്‍ ഉയര്‍ത്തിയെത്തിയ ഇവര്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. ബാരിക്കേഡുകളുമായി മാളിന് മുമ്പില്‍ നിലയുറച്ച വന്‍ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലുലു മാളിന്റെ പ്രവേശന കവാടത്തിന് പുറത്ത് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്. നിരോധനാജ്ഞ ലംഘിച്ചതിന് കസ്റ്റഡിയിലെടുത്തവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മാളിൽ മതപരമായ പ്രാർഥനകൾക്ക് വിലക്കേർപ്പെടുത്തി മാനേജ്മെന്റ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മാളിൽ ചിലർ നമസ്കരിച്ചതിനെതിരെ തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നീക്കം. അതിനിടെ, മാൾ പരിസരത്ത് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യാൻ ശ്രമിച്ച മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇവർ ഹിന്ദു സമാജ് പാർട്ടിക്കാരാണെന്നും മാളിന്റെ പ്രവേശന കവാടത്തിൽ തടഞ്ഞുവച്ചതായും പൊലീസ് പറഞ്ഞു.

'സുന്ദരകാണ്ഡം വായിക്കാൻ ശ്രമിച്ച മൂന്ന് പേരെ ലഖ്‌നോവിലെ ലുലു മാൾ പ്രവേശന കവാടത്തിൽ തടഞ്ഞുവച്ചു. ഹിന്ദു സമാജ് പാർട്ടിക്കാരെയാണ് മാളിന്റെ ഗേറ്റിൽ തടഞ്ഞുവച്ചത്. നിലവിൽ സമാധാനപരമായ സാഹചര്യമാണ് നിലനിൽക്കുന്നത്' -ലഖ്‌നൗ സൗത്ത് എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു.

ജൂലൈ 10ന് യു.പി​ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. ഇതിനുപിന്നാലെ, ഇവിടെ സന്ദർശനത്തിലെത്തിയ ചിലർ നമസ്‌കരിക്കുന്നതിന്റെ വിഡിയോ ഹിന്ദു മഹാസഭ, ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ പ്രചരിപ്പിച്ചിരുന്നു. മാൾ കേന്ദ്രീകരിച് ലൗജിഹാദിന് ശ്രമം നടക്കുന്നതായും ഇവർ പ്രചരിപ്പിച്ചു. മാൾ ജീവനക്കാരിൽ 70ശതമാനവും മുസ്‍ലികളാണെന്നും 'ലൗ ജിഹാദ്' നടത്തുന്നുവെന്നുമാണ് ഇവർ കള്ളപ്രചാരണം നടത്തിയത്. സംഭവം വിവാദമായതോടെയാണ് മാളിൽ മതപരമായ പ്രാർത്ഥനകൾ അനുവദിക്കില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച മാനേജ്മെന്റ് മാളിനുള്ളിൽ പലയിടത്തും നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചത്. അതിനിടെ, മാളിൽ ആളുകൾ നമസ്കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ പങ്കുവെച്ച അഖില ഭാരത ഹിന്ദു മഹാസഭ, മാളിനെ ലുലു മസ്ജിദ് എന്ന് വിളിക്കുകയും ചെയ്തു.

സുന്ദരകാണ്ഡം ചൊല്ലുമെന്ന് പ്രഖ്യാപിച്ച സന്യാസിയെ യു.പി പൊലീസ് തടഞ്ഞു

സുന്ദരകാണ്ഡം ചൊല്ലാൻ മാളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സന്ന്യാസിയെ യു.പി പൊലീസ് തടഞ്ഞു. സന്ന്യാസിയെ തടയുമ്പോള്‍ ചിലര്‍ ഹിന്ദുത്വ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. സുന്ദരകാണ്ഡം ചൊല്ലാനാണോ വന്നതെന്ന മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു സന്ന്യാസിയുടെ മറുപടി. ലുലു മാളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സന്ന്യാസിയുടെ നടപടി.

'ആരെങ്കിലും ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ശിക്ഷ ലഭിക്കണം, നിയമവ്യവസ്ഥ തകരാന്‍ പാടില്ല. ഞാന്‍ നിയമവ്യവസ്ഥയേയും പൊലീസിനേയും ബഹുമാനിക്കുന്നുണ്ട്' -സന്ന്യാസി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Protest in front of Lulu Mall; Hindu Mahasabha officials in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.