ന്യൂഡൽഹി: കാലിക്കടത്ത് ആരോപിച്ച് പശുസംരക്ഷക ഗുണ്ടകൾ ചുട്ടുകൊന്ന ജുനൈദിന്റെയും നാസിറിന്റെയും കുടുംബങ്ങൾക്ക് നീതി ആവശ്യപ്പെട്ട് ഹരിയാനയിലെ നൂഹിൽ വൻ റാലി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. നുഹ് ജില്ലയിലെ ഫിറോസ് പുർ ജിർക്കയിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ പശുസംരക്ഷക ഗുണ്ടകളിൽ പ്രധാനിയായ മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയ്പുർ-ആൽവാർ ദേശീയപാത ഉപരോധിച്ചു.
സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് നിവേദനം നൽകിയതിന് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിലും വിവിധയിടങ്ങളിൽ മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി ഒത്തുകൂടി. ജുനൈദിന്റെയും നാസിറിന്റെയും കൊലപാതകികൾ ഉപയോഗിച്ച വെള്ള സ്കോർപ്പിയോ വാഹനം ഹരിയാനയിലെ ജിൻഡ് ജില്ല പഞ്ചായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് ലേലം ചെയ്യുകയും ചെയ്തതായി രാജസ്ഥാൻ പൊലീസ് പറഞ്ഞു.
ഈ വാഹനം നുഹിലെ ഫിറോസ് പുർ ജിർക്കയിലെ ശൈഖ്പുർ ഗ്രാമത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ആദ്യം പുറത്തുവിട്ട എട്ടുപേർ കൂടാതെ 12 പേർ കൂടിയുണ്ടെന്ന് ഭരത്പുർ ഐ.ജി ഗൗരവ് ശ്രീവാസ്തവ് പറഞ്ഞു. മോനു മനേസറും ഇതിൽപെടുന്നുണ്ട്. തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എട്ടുപേരുടെ പങ്കാളിത്തം തെളിഞ്ഞതിന് ശേഷമാണ് അവരുടെ പേരുകളും ഫോട്ടോകളും പുറത്തുവിട്ടത്. എഫ്.ഐ.ആറിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ പങ്ക് അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.