സ്ഥാനാർഥി പട്ടികയെച്ചൊല്ലി രാജസ്ഥാൻ ബി.ജെ.പിയിലും കലഹം

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധങ്ങളും ആരംഭിച്ചു. ചിത്തോർഗഡ്, ഉദയ്പൂർ, അൽവാർ തുടങ്ങിയ സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകർ സ്ഥാനാർഥികൾക്കെതിരെ രംഗത്തെത്തി.

83 പേരുമായാണ് ഇന്നലെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക രാജസ്ഥാൻ ബി.ജെ.പി പുറത്തിറക്കിയത്. ഇതോടെ ആദ്യഘട്ട പട്ടികയിലടക്കം പേരില്ലാത്ത ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഓഫീസുകൾക്ക് പുറത്ത് ടയറുകൾ കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. രോഷാകുലരായ നേതാക്കളും പ്രവർത്തകരും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സി.പി ജോഷിക്കെതിരെ സ്വന്തം ജില്ലയിൽ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഉദയ്പൂരിൽ താരാചന്ദ് ജെയിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധമുയർന്നു. ബുന്ദി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി അശോക് ദോഗ്രയ്‌ക്കെതിരെയും പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. അൽവാർ സിറ്റിയിൽ നിന്ന് സഞ്ജയ് ശർമയെ തുടർച്ചയായി രണ്ടാം തവണയും സ്ഥാനാർഥിയാക്കിയതിനെതിരെയും എതിർപ്പുയർന്നിട്ടുണ്ട്.

മധ്യപ്രദേശിലും സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി തർക്കം; കേന്ദ്രമന്ത്രിയെ വളഞ്ഞിട്ട് തല്ലി ബി.ജെ.പി പ്രവർത്തകർ

ഭോപാൽ: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയൊച്ചൊല്ലി മധ്യപ്രദേശ് ബി.ജെ.പിയിലും കലഹം. അഞ്ചാംഘട്ട സ്ഥാനാർഥി പട്ടികയെ ചൊല്ലിയാണ് മധ്യപ്രദേശിൽ ഇപ്പോൾ പ്രശ്നം ഉടലെടുത്തിരിക്കുന്നത്. നോർത്ത് സെൻട്രൽ അസംബ്ലി സീറ്റിലേക്കുള്ള സ്ഥാനാർഥിത്വത്തെ ചൊല്ലി ജബൽപൂരിലെ ബി.ജെ.പി ഡിവിഷണൽ ഓഫിസിലാണ് സംഘർഷം രൂപപ്പെട്ടത്. താഴെ തട്ടിലുള്ള നേതാക്കളെ അവഗണിച്ചതിലായിരുന്നു പ്രതിഷേധം. തർക്കത്തിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനും സുരക്ഷാ ഭടൻമാർക്കും നേരെ മർദനമുണ്ടായി. കേന്ദ്രമന്ത്രിയെ വളഞ്ഞ് തള്ളിയിട്ട് മർദിക്കുകയായിരുന്നു.

ബി.ജെ.പി ഓഫിസ് വളഞ്ഞ പ്രവർത്തകർ അകത്തുകയറി സംഘർഷസമാന അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അഭിലാഷ് പാണ്ഡെയെ സ്ഥാനാർഥിയാക്കിയതിലായിരുന്നു പ്രതിഷേധം. 96 സ്ഥാനാർഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തുവിട്ടത്. 

Tags:    
News Summary - protest in rajasthan bjp over second candidate list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.