കർഷക ദ്രോഹ നിർദേശങ്ങളടങ്ങിയ മൂന്ന് കാർഷിക നിയമങ്ങളും പാർലമെന്‍റിൽ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് സമര സമിതിയുടെ നേതാവ് രാകേഷ് ടികായത്ത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്.
സിഖ് ഗുരു ഗുരുനാനാകിന്‍റെ ജൻമദിനത്തിൽ രാജ്യത്തെ അഭിസംബോധനം ചെയ്തു കൊണ്ടാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. കർഷകർ സമരത്തിൽ നിന്ന് പിൻമാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വെറും പ്രഖ്യാപനത്തിനപ്പുറത്ത് നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ സമരം പിൻവലിക്കൂ എന്ന നിലപാടിലാണ് കർഷകരിപ്പോൾ. സമരം ഉടനെ അവസാനിപ്പിക്കില്ലെന്നും പാർലമെന്‍റിൽ നിയമങ്ങൾ പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നുമാണ് കർഷക നേതാവ് രാകേഷ് ടികായത്ത് അറിയിച്ചത്.
ഒരു വർഷത്തിലേറെ നീണ്ട കർഷ സമരത്തിൽ 750 ഒാളം കർഷകരുടെ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. ജനവികാരം എതിരാകുന്നെന്ന തിരിച്ചറിവിലാണ് കേന്ദ്ര സർക്കാർ സമരം പിൻവലിക്കാൻ തയാറായത്. ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയും അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടാണ് മുട്ടുമടക്കാൻ മോദി സർക്കാർ തയാറായത്.
ജനരോഷം ശമിച്ചാൽ കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന വാഗ്ദാനത്തിൽ സർക്കാർ വെള്ളം ചേർക്കുമെന്ന ആശങ്ക കർഷകർക്കുണ്ട്. പാർലമെന്‍റ് പാസാക്കി നിയമമായ സ്ഥിതിക്ക് നടപടിക്രമങ്ങൾ പാലിച്ചു വേണം അതു പിൻവലിക്കാൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതു വരെ സമരം തുടരാനും സമ്മർദം നില നിർത്താനുമാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.