കൊച്ചി: വികസനത്തിെൻറ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ സ്ഥലം കൈയേറി നാട്ടിയ കൊടികൾ ഒടുവിൽ ഭരണകൂടം അഴിച്ചുമാറ്റി. ലക്ഷദ്വീപ് ഡെവലപ്െമൻറ് അതോറിറ്റി റെഗുലേഷൻ പ്രാബല്യത്തിൽ വരും മുമ്പേ 20ഒാളം പേരുടെ ഭൂമി കൈയേറി കൊടി നാട്ടുകയായിരുന്നു. ഭൂവുടമയുടെ അനുവാദമില്ലാതെ ബുധനാഴ്ച അഡ്മിനിസ്ട്രേറ്ററുടെയും കലക്ടറുടെയും നേതൃത്വത്തിൽ സന്ദർശിക്കുകയും ചെയ്തു.
ഇതോടെ ദ്വീപുവാസികളിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്നു. എൽ.ഡി.എ.ആർ യാഥാർഥ്യമാകും മുമ്പെ നടത്തിയ ഇടപെടൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജനങ്ങൾ രംഗത്തെത്തിയതോടെയാണ് കൊടികൾ അഴിച്ചുമാറ്റിയത്. ഭൂമി അളന്നുതിരിച്ച് കൊടി നാട്ടിയത് അഡ്മിനിസ്ട്രേറ്റർ വരുമ്പോൾ സ്ഥലം തിരിച്ചറിയാൻ ആണെന്നും സ്ഥലമേറ്റെടുത്തതല്ലെന്നുമാണ് അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം.
ഹാർബർ ഓഫിസ്, ഡാക്ക് ബംഗ്ലാവ്, ചിൽഡ്രൻസ് പാർക്ക്, ബീച്ച് റോഡ് എന്നിവിടങ്ങളിലായി ആശുപത്രി, പാരാമെഡിക്കലുമായി ബന്ധപ്പെട്ട നിർമാണം തുടങ്ങിയവക്കാണ് ഈ ഭൂമി ഏറ്റെടുക്കുന്നതെന്ന് അവർ പറയുന്നു. അതേസമയം, കൊടി അഴിച്ചുമാറ്റിയെങ്കിലും തീരുമാനത്തിൽനിന്ന് ഭരണകൂടം പിന്നോട്ടുപോയെന്ന് കരുതാനാകില്ലെന്ന് ദ്വീപുനിവാസികൾ പറഞ്ഞു.
പഞ്ചായത്തിെൻറ അധികാരങ്ങൾ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങളും ജില്ല പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് ഓഫിസുകൾക്ക് മുന്നിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. ജോലിയിൽനിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയും സ്ഥലങ്ങൾ ഏറ്റെടുത്തതിൽ ശനിയാഴ്ചയും പ്രതിഷേധം നടക്കും. രാത്രി ലൈറ്റുകൾ അണച്ച് മെഴുകുതിരി തെളിച്ചും പാത്രം കൊട്ടിയുമായിരിക്കും പ്രതിഷേധം. അഡ്മിനിസ്ട്രേറ്റർ മടങ്ങുന്ന ദിവസം 'ഗോ പട്ടേൽ ഗോ' എന്ന മുദ്രാവാക്യവുമായി പാത്രം കൊട്ടി യാത്രയാക്കാനാണ് ദ്വീപ് വാസികളുടെ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.