ചെന്നൈ: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ രാഷ്ട്രപതിഭരണത്തിന് ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ ശിപാർശ ചെയ്തേക്കുമെന്ന് സൂചന. കേവല ഭൂരിപക്ഷം നഷ്ടമായ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജിവെച്ച സാഹചര്യത്തിലാണിത്.
ഇപ്പോഴത്തെ നിലയിൽ നിയമസഭയുടെ അംഗബലം 26 ആണ്. 14 എം.എൽ.എമാരുടെ പിന്തുണയുള്ള പ്രതിപക്ഷത്തെ സർക്കാർ രൂപവത്കരിക്കാൻ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ ക്ഷണിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടു മാസക്കാലം മാത്രം ബാക്കിയിരിക്കെ എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സർക്കാറുണ്ടാക്കാൻ മുന്നോട്ടുവരില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ച് ഭരണത്തിലേറുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
അതേസമയം, രാഷ്ട്രപതിഭരണം ആറു മാസക്കാലംവരെ നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി ഉന്നത കേന്ദ്രങ്ങളുടെ നീക്കം. രാഷ്ട്രപതിഭരണകാലയളവിൽ കൂടുതൽ ക്ഷേമപദ്ധതികൾ നടപ്പാക്കി ജനങ്ങളുടെ വിശ്വാസമാർജിക്കുകയാണ് ലക്ഷ്യം. ഉടനടി നിയമസഭ തെരഞ്ഞെടുപ്പ് നടത്തിയാൽ കോൺഗ്രസ്-ഡി.എം.കെ മുന്നണി സഹതാപതരംഗത്തിലൂടെ നേട്ടമുണ്ടാക്കിയേക്കുമെന്നും ബി.ജെ.പി കേന്ദ്രങ്ങൾക്ക് ആശങ്കയുണ്ട്.
നാരായണസാമി സർക്കാറിന് ലഫ്. ഗവർണർ കിരൺ ബേദി പ്രതിസന്ധികൾ തീർത്തത് ഏറെ വിവാദമായിരുന്നു. കിരൺ ബേദിയെ ലഫ്. ഗവർണറായി നിലനിർത്തി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ദോഷകരമാവുമെന്ന് ബി.ജെ.പി നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് കിരൺ ബേദിയെ തൽസ്ഥാനത്തുനിന്ന് നീക്കി തമിഴർക്ക് ഏറെ പരിചിതയായ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് പുതുച്ചേരി ലഫ്. ഗവർണറുടെ അധിക ചുമതല നൽകിയത്.
ചെന്നൈ: വിലപേശലുകൾ നടത്തിയും അധികാര ദുഷ്പ്രയോഗത്തിലൂടെയും പുതുച്ചേരിയിലും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ചതായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ജനാധിപത്യത്തിെൻറ പടുകൊലയാണ് നടന്നിരിക്കുന്നതെന്നും ഡി.എം.കെ-കോൺഗ്രസ് സഖ്യം തെരഞ്ഞെടുപ്പിലൂടെ ജനപിന്തുണ തെളിയിക്കുമെന്നും സ്റ്റാലിൻ പ്രസ്താവിച്ചു. ഇതിനിടെ, എം.എൽ.എ സ്ഥാനം രാജിവെച്ച ഡി.എം.കെയിലെ വെങ്കടേശനെ താൽക്കാലികമായി പാർട്ടിയിൽനിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.