മുംബൈ: മഹാരാഷ്ട്രയിലെ പുണെയിൽ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച ആഢംബരക്കാർ ബൈക്കിലിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ഫൊറൻസിക് വിഭാഗം മേധാവി അറസ്റ്റിൽ. രക്തസാംപിൾ പരിശോധനയിൽ കൃത്രിമം കാട്ടിയ സസൂൻ ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം മേധാവിയാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ച മറ്റൊരു ഡോക്ടറും അറസ്റ്റിലായിട്ടുണ്ട്.
കൗമാരക്കാരന്‍റെ രക്തസാംപിളിന് പകരം ആശുപത്രിയിൽ മദ്യപിക്കാത്ത മറ്റൊരാളുടെ രക്തം പരിശോധിക്കുകയായിരുന്നു. അപകടം നടന്ന മേയ് 19ന് രാവിലെ 11ന് നടത്തിയ കൗമാരക്കാരന്‍റെ പ്രാഥമിക പരിശോധനയിൽ മദ്യപിച്ചിട്ടില്ല എന്നായിരുന്നു ഫലം. എന്നാൽ, പുലർച്ചെ മൂന്നിന് അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പായി കൗമാരക്കാരൻ ബാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യപിച്ചിട്ടില്ല എന്ന റിപ്പോർട്ടിൽ തുടക്കംമുതലേ സംശയമുണ്ടായിരുന്നു.
രണ്ടാമത്തെ രക്തസാംപിൾ പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന ഫലമാണ് ലഭിച്ചത്. ഇതോടെയാണ്, രണ്ട് സാംപിളുകളും രണ്ട് വ്യക്തികളുടേതാണെന്ന് തെളിഞ്ഞത്. അറസ്റ്റിലായ രണ്ട് ഡോക്ടർമാരെയും പുണെ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യുകയാണ്.
പുണെ കല്യാണി നഗറിൽ കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. കൗമാരക്കാരന് മണിക്കൂറുകൾക്കകം ജാമ്യംലഭിച്ചത് വലിയ വിമർശനത്തിനിടയാക്കുകയും രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു. മദ്യപിച്ച് നിലവിട്ട കൗമാരക്കാരനെ കാറോടിക്കാൻ പിതാവ് അനുവദിക്കുകയായിരുന്നുവെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. 17കാരൻ മദ്യപിച്ച് കാറോടിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് ഡ്രൈവർ പിതാവായ വിശാൽ അഗർവാളിനെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ, മകന് കാർ നൽകാനായിരുന്നു അഗർവാൾ നിർദേശിച്ചതെന്ന് ഡ്രൈവർ പറഞ്ഞു.
കേസിൽ കൗമാരക്കാരന്‍റെ പിതാവ്, കുറ്റമേറ്റെടുക്കാൻ ഡ്രൈവറെ നിർബന്ധിച്ച മുത്തച്ഛൻ എന്നിവർ അറസ്റ്റിലായിരുന്നു. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം നൽകിയ ബാറിന്‍റെ ഉടമകളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൗമാരക്കാരന്‍റെ ജാമ്യം റദ്ദാക്കി ജൂൺ അഞ്ച് വരെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.