പുണെ പോർഷെ അപകടം: രക്ത സാമ്പിൾ മാറ്റി നൽകിയതിന് 17കാരന്‍റെ അമ്മ അറസ്റ്റിൽ

പുണെ: അമിതവേഗതയിലെത്തിയ പോർഷെ കാറിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത കൗമാരക്കാരന്‍റെ അമ്മ അറസ്റ്റിൽ. അപകടത്തിനുശേഷമുള്ള രക്ത പരിശോധനക്ക് തന്‍റെ രക്തം മാറ്റി നൽകിയെന്ന കുറ്റത്തിന് പുണെ സിറ്റി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൗമാരക്കാരന്‍റെ രക്ത സാമ്പിൾ മാറ്റാൻ മഹാരാഷ്ട്ര മന്ത്രിയും എം.എൽ.എയും ഇടപെട്ടുവെന്ന് ആശുപത്രി ഡീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമ്മയുടെ അറസ്റ്റുണ്ടായത്.

മേയ് 19 ഞായാറാഴ്ച പുലർച്ചെ 3.15നാണ് പുണെയിൽ രണ്ടു പേർ കൊല്ലപ്പെട്ട കാറപകടം ഉണ്ടായത്. 12ാം ക്ലാസ് വിജയിച്ചതിന്‍റെ ആഘോഷം നടത്തി പബ്ബിൽനിന്നും മദ്യപിച്ച് ലക്കുകെട്ട് മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗതയിൽ 17കാരൻ കാറോടിക്കുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഐ.ടി. പ്രൊഫഷണലുകളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. 17കാരനെ പ്രദേശത്തുണ്ടായിരുന്നവർ കാറിൽനിന്നും പിടികൂടി പൊലീസിലേൽപ്പിച്ചെങ്കിലും പ്രായപൂർത്തിയായില്ലെന്ന് കാട്ടി മണിക്കൂറുകൾക്കകം ജാമ്യം നൽകി. ഇതോടെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയർന്നു. 17കാരനെ വിട്ടയക്കാൻ ഭരണപക്ഷത്തിന്‍റെ ഇടപെടലുണ്ടായെന്ന പ്രതിപക്ഷ ആരോപണത്തോടെ സംഭവം രാഷ്ട്രീയ വിവാദമായി. തുടർന്ന് കൗമാരക്കാരന്‍റെ ജാമ്യം ജുവൈനൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കി ചിൽഡ്രൻ ഒബ്സർവേഷൻ സെൻററിലേക്ക് മാറ്റി. അപകടത്തിനുശേഷം ഒളിവിൽ പോയ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പിതാവ് വിശാൽ അഗർവാളിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വാഹനമോടിച്ചത് താനാണെന്ന് പറയാൻ ഡ്രൈവറെ നിർബന്ധിച്ച കുറ്റത്തിന് 17കാരന്‍റെ മുത്തച്ഛൻ സുരേന്ദ്ര അഗർവാളും അറസ്റ്റിലായി.

കൗമാരക്കാരന്‍റെ രക്ത പരിശോധനയിൽ മദ്യത്തിന്‍റെ അംശം നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, അപകടം നടക്കുന്നതിന് മുമ്പ് കൗമാരക്കാരൻ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ, രക്ത സാമ്പിളുകളുടെ ഫലത്തിൽ കൃത്രിമം കാണിച്ച പുണെ സാസൂൺ ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ പ്യൂൺ ഇടനിലക്കാരനായി നിന്ന് ഡോക്ടർമാർക്ക് മൂന്ന് ലക്ഷം രൂപ 17കാരന്‍റെ കുടുംബത്തിൽ നിന്നും കൈക്കൂലിയായി വാങ്ങി നൽകിയെന്നും പൂണെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം നൽകിയതിന് ബാറുടമകളായ രണ്ടു പേരെയും അറസ്റ്റ് ചെയ്തു.

Tags:    
News Summary - Pune Porsche crash: Police arrest mother of minor boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.