ന്യൂഡൽഹി: ആരാധന മൂത്താൽ ആളുകൾ എന്തും ചെയ്യും. തന്റെ പ്രിയപ്പെട്ട യൂട്യൂബ് താരത്തെ കാണാനായി ഒരു 250 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടി ഡൽഹിയിലേക്ക് പോയാണ് കുഞ്ഞ് ആരാധകൻ ശ്രദ്ധനേടിയിരിക്കുന്നത്. പഞ്ചാബിലെ പട്യാലയിൽ നിന്നുള്ള 13 കാരനായ കുട്ടിയാണ് തന്റെ പ്രിയപ്പെട്ട താരത്തെ കാണാൻ മൂന്നു ദിവസമായി സൈക്കിൾ ചവിട്ടിയത്.
യൂട്യൂബിൽ 'ട്രിഗർഡ് ഇൻസാൻ' എന്ന പേരിൽ അറിയപ്പെടുന്ന നിഷയ് മൽഹനെ കാണാനാണ് കുട്ടി വീട്ടിൽ പറയാതെ സൈക്കിളിൽ പുറപ്പെട്ടത്. നിഷയ്യുടെ പിതാംപുരയിലെ അപ്പാർട്ട്‌മെന്റിലെത്തിയെങ്കിലും അദ്ദേഹം ദുബൈയിലേക്കുള്ള യാത്രയിലായിരുന്നു.
എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ ഒക്ടോബർ നാലിന് കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബ് താരഴെത്ത കാണാൻ പോയതാണെന്ന സൂചന ലഭിച്ചത്. തുടർന്ന് കുടുംബവും പട്യാല പൊലീസും സോഷ്യൽ മീഡിയ വഴി കുട്ടി എവിടെയാണെന്നുള്ള സൂചനകൾ മനസിലാക്കി ഡൽഹി പൊലീസിനെ അറിയിച്ചു.
തന്നെ കാണാനായി ഒരു കുഞ്ഞ് ആരാധകർ വീടുവിട്ടുപോന്നതറിഞ്ഞ യൂട്യൂബ് താരവും അറിയുന്നവർ വിവരം നൽകണമെന്നും കുട്ടി കാണുന്നുണ്ടെങ്കിൽ വീട്ടുകാരെ ബന്ധപ്പെടണമെന്നും അറിയിപ്പ് നൽകി.
സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടിയെ വിവിധയിടങ്ങളിൽ കണ്ടെങ്കിലും രാത്രികളിൽ എവിടെയാണ് വിശ്രമിച്ചതെന്ന് വ്യക്തമല്ല.
യൂട്യൂബർ താമസിക്കുന്ന പിതാംപുര പ്രദേശത്താണ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്താനായത്. അവിടെയുള്ള റെസിഡൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ആദ്യം സൈക്കിളാണ് കണ്ടത്. തുടർന്ന് സമീപ പ്രദേശങ്ങളിൽ നടത്തിയെ തെരച്ചിലിൽ അടുത്തുള്ള പാർക്കിൽ നിന്ന് കുട്ടിയെ കണ്ടെത്തി.
വിവരം രക്ഷിതാക്കളെ അറിയിച്ചതോടെ കുട്ടിയുടെ കുടുംബം ഡൽഹിയിലെത്തി കൂട്ടിക്കൊണ്ടുപേയി. പൊലീസ് അതിവേഗം പ്രവർത്തിച്ച് കുട്ടിയെ കണ്ടെത്തി തന്നതിൽ നന്ദിയുണ്ടെന്ന് മാതാവ് പറഞ്ഞു.'നല്ല വാർത്ത. കുട്ടിയെ കണ്ടെത്തി. ദൈവത്തിന് നന്ദി' യൂട്യൂബർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.